Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടുത്ത ചൂട്: അടുക്കള തീപിടിത്തത്തിനെതിരെ മുന്നറിയിപ്പ്

text_fields
bookmark_border
പാചക എണ്ണക്ക് തീപിടിച്ചാൽ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിക്കരുത്
കടുത്ത ചൂട്: അടുക്കള തീപിടിത്തത്തിനെതിരെ മുന്നറിയിപ്പ്
cancel

കുവൈത്ത് സിറ്റി: കടുത്ത വേനൽചൂടിൽ അടുക്കളകളിൽ തീപിടിത്ത സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് അഗ്നിശമന സേന. പാചക എണ്ണയിലുണ്ടാകുന്ന തീ അണക്കാൻ വെള്ളം ഒഴിക്കരുതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗാരിബ് പറഞ്ഞു. വെള്ളം തീജ്വാലകൾ പടർത്തുകയും അപകടകരമായ താപ പ്രതിപ്രവർത്തനത്തിന് കാരണമാവുകയും ചെയ്യും. ഫയർ ബ്ലാങ്കറ്റ് അല്ലെങ്കിൽ അനുയോജ്യമായ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് തീ മൂടിക്കെടുത്തണം. തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നില്ലെങ്കിൽ ഉടൻ തന്നെ കെട്ടിടം ഒഴിപ്പിക്കുകയും 112 എന്ന നമ്പറിൽ വിളിച്ച് സ്ഥലവിവരവും സംഭവവിശദാംശങ്ങളും അറിയിക്കുകയും ചെയ്യണം.

ഗ്യാസ് ചോർച്ചയുണ്ടായാൽ, വൈദ്യുത ഉപകരണങ്ങളോ ലൈറ്റുകളോ ഓണോ ഓഫോ ചെയ്യുന്നത് ഒഴിവാക്കണം. ഗ്യാസ് ജ്വലിപ്പിക്കാൻ ഒരു മിന്നൽപ്പൊരി മതി. സുരക്ഷിതമായി ഗ്യാസ് റെഗുലേറ്റർ ബന്ധം വിച്ഛേദിക്കാൻ സാധിക്കുമെങ്കിൽ അത് ചെയ്യുക. വാതിലുകളും ജനലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുക, തുടർന്ന് വീട്ടിൽ നിന്ന് പുറത്തുപോകുക, വിദഗ്ധർ പരിശോധിച്ച് ചോർച്ച പരിഹരിക്കുന്നതുവരെ തിരിച്ചുപോകരുത്. അടുപ്പ്, ഗ്യാസ് സിലിണ്ടറുകൾ, ജ്വലന വസ്തുക്കൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണമെന്നും മാതാപിതാക്കളോട് നിർദ്ദേശിച്ചു. അപകടമുണ്ടായാൽ ആദ്യ കുറച്ച് മിനിറ്റുകളിൽ ശരിയായ നടപടി സ്വീകരിക്കുന്നത് പരിക്കുകളും വസ്തുവക നാശവും ഗണ്യമായി കുറക്കുമെന്ന് ഫയർ ഫോഴ്സ് ചൂണ്ടിക്കാട്ടി. അതേസമയം, നിയന്ത്രണാതീതമായ തീയെ നേരിടാൻ അനാവശ്യ റിസ്ക് എടുക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Extreme heat Warning against kitchen fires
Next Story