വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കുവൈത്തിൽ ഊഷ്മള സ്വീകരണം
text_fieldsകേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ കുവൈത്തിൽ സ്വീകരിച്ചപ്പോൾ
കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഹൃദയബന്ധം വെളിപ്പെടുത്തുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കുവൈത്തിൽ ലഭിച്ച സ്വീകരണം. കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹിെൻറ ക്ഷണം സ്വീകരിച്ച് ബുധനാഴ്ച രാത്രി എത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ ഹൃദ്യമായി സ്വീകരിച്ചു.
വ്യാഴാഴ്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. വാണിജ്യമന്ത്രി ഡോ. അബ്ദുല്ല ഇൗസ അൽ സൽമാൻ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. ഭക്ഷ്യസുരക്ഷ, സൈബർ സുരക്ഷ, ഉൗർജ്ജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് ഡോ. എസ്. ജയശങ്കർ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കൈമാറി. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യക്ക് മെഡിക്കൽ സഹായം നൽകാൻ മുന്നോട്ടുവന്ന കുവൈത്തിന് മന്ത്രി നന്ദി അറിയിച്ചു.

