വാഹനത്തിരക്ക് കുറക്കാൻ വിപുലമായ നടപടികൾ
text_fieldsകുവൈത്ത് സിറ്റി: പുതിയ അധ്യയനവർഷം ആരംഭിച്ചതോടെ രാജ്യത്തെ റോഡുകളിൽ വാഹനത്തിരക്ക് വർധിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് നിലനിർത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം പ്രത്യേക നടപടികൾ പ്രഖ്യാപിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നിർദേശപ്രകാരം ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി നേരിട്ട് രംഗത്തിറങ്ങി ഗതാഗത സാഹചര്യം വിലയിരുത്തി. സ്കൂൾപരിസരങ്ങളിലും പ്രധാന റോഡുകളിലുമുള്ള വാഹനത്തിരക്ക് പരിശോധിച്ച അദ്ദേഹം, കൂടുതൽ കർശന നടപടികളുടെ ആവശ്യകത ഊന്നിപ്പറഞ്ഞു.
പ്രത്യേക നടപടികൾ, ഹൈവേകൾ, കവലകൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഗതാഗതനിരീക്ഷണം ശക്തമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമാണ് ഈ നടപടി. സ്കൂളുകൾക്ക് മുന്നിലെ ക്രമരഹിത പാർക്കിങ് തടയാൻ പ്രത്യേക പരിഹാര നടപടികളും നടപ്പാക്കിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനും വാഹനത്തിരക്ക് കുറക്കുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് അൽ അദ്വാനി വ്യക്തമാക്കി. രക്ഷിതാക്കളും വിദ്യാർഥികളും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിത ഗതാഗതത്തിന് സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

