ബയോമെട്രിക് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികൾക്കും പൗരൻമാർക്കും ബയോമെട്രിക് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി. പ്രവാസികൾക്ക് ഡിസംബർ 30 വരെയും പൗരന്മാർക്ക് സെപ്റ്റംബർ 30 വരെ എന്നിങ്ങനെയാണ് പുതുക്കിയ സമയം. നേരത്തെ സ്വദേശികളും പ്രവാസികളും ജൂൺ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് സമയം നീട്ടിയത്. സമയ പരിധി നീട്ടിയ തീരുമാനം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമായി.
ദിവസങ്ങള്‍ കാത്തിരിന്നിട്ടും അപ്പോയിന്റ്മെന്റ് ലഭിക്കാത്ത സാഹചര്യത്തിൽ ജൂൺ ഒന്നിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയില്ലേ എന്ന ആശങ്ക പലർക്കും ഉണ്ടായിരുന്നു. സമയം ദീർഘിപ്പിച്ചതോടെ സെന്ററുകളിലെ തിരക്കും കുറയുകയും ജനങ്ങൾക്ക് സാവകാശം ലഭിക്കുകയും ചെയ്യും. സഹല്‍ ആപ്പ്, മെത്ത പ്ലാറ്റ്ഫോം വഴിയാണ് ബയോമെട്രിക്കിന് അപേക്ഷിക്കേണ്ടത്. കേന്ദ്രങ്ങളിൽ എത്തുന്നതിനുമുമ്പ് മുൻ കൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. നിലവിൽ രാജ്യത്തിന്റെ അതിർത്തി ചെക്ക്പോസ്റ്റുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ ബയോമെട്രിക് രജിസ്ട്രേഷനുള്ള സജ്ജീകരണങ്ങൾ ഉണ്ട്. അലി സബാഹ് അൽ സാലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റിലും, ജഹ്റ മേഖലയിലെ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റിലും പ്രവാസികൾക്കായി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഡിസംബറോടെ രാജ്യത്ത് താമസിക്കുന്ന മുഴുവൻ പേരുടെയും ബയോമെട്രിക് വിവരങ്ങള്‍ പൂർത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

