പ്രവാസി തൊഴിലാളി ചൂഷണം; ക്രിമിനൽ സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ മാളുകളിലെ പ്രവാസി ജോലിക്കാരെ ചൂഷണം ചെയ്തിരുന്ന വൻ ക്രിമിനൽ സംഘം പിടിയിൽ. ഹവല്ലി, കാപിറ്റൽ ഗവർണറേറ്റ് അന്വേഷണ വിഭാഗങ്ങൾ നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. തൊഴിലാളികളെ ശമ്പളം നൽകാതെ നിയമിച്ച ശേഷം, ദിവസവും ഏകദേശം നാല് കുവൈത്ത് ദിനാർ ‘പ്രൊട്ടക്ഷൻ മണി’യായി സംഘം ഈടാക്കുകയായിരുന്നതായി സുരക്ഷ സ്രോതസ്സുകൾ പറഞ്ഞു.
ഡസൻ കണക്കിന് തൊഴിലാളികൾ ഈ ചൂഷണത്തിന് ഇരയായതായും റിപ്പോർട്ടുകളിൽ പറയുന്നു. നിരവധി തൊഴിലാളികൾക്ക് അവരുടെ സ്പോൺസറിങ് കമ്പനിയിൽനിന്ന് വേതനം ലഭിക്കുന്നില്ലെന്ന് സൂചിപ്പിച്ച് അധികാരികൾക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ജോലി നിലനിർത്തുന്നതിനായി തൊഴിലാളികൾ പ്രൊട്ടക്ഷൻ മണി എന്നറിയപ്പെടുന്ന പണം നൽകാൻ നിർബന്ധിതരാകുന്ന ഞെട്ടിക്കുന്ന സംഭവം അന്വേഷണത്തിൽ വെളിപ്പെട്ടു. തൊഴിൽ നഷ്ടപ്പെടുമെന്ന ഭയത്തിൽ പണം നൽകാൻ തൊഴിലാളികൾ നിർബന്ധിതരാകുകയായിരുന്നു.
തൊഴിൽ ചൂഷണത്തിന്റെ പൂർണ വ്യാപ്തി കണ്ടെത്തുന്നതിനും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കണ്ടെത്തുന്നതിന് അന്വേഷണം നടന്നുവരികയാണ്. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

