പ്രതീക്ഷയേകി സന്ദർശക വിസ മാറ്റം
text_fieldsകുവൈത്ത് സിറ്റി: വിവിധ സന്ദർശന വിസകളുടെ വിപുലീകരണം രാജ്യത്തെ വിപണിയിൽ ഉണർവും സാമ്പത്തിക, വാണിജ്യ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ കുതിപ്പും സൃഷ്ടിക്കുമെന്ന് പ്രതീക്ഷ. വിവിധ മേഖലകളിലുള്ളവർ വിസ മാറ്റത്തെ സ്വാഗതം ചെയ്തു. വിനോദസഞ്ചാരം, നിക്ഷേപ സാഹചര്യം വർധിപ്പിക്കൽ എന്നിവക്കും പുതിയ മാറ്റം കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.കുടുംബങ്ങളെ കൊണ്ടുവരാൻ കഴിയുന്നത് സുഗമമാകുന്നതോടെ പ്രവാസികളുടെ മാനസിക സമ്മർദം ലഘൂകരിക്കാനുകുമെന്ന അഭിപ്രായവുമുണ്ട്. കുവൈത്ത് വിസ പ്ലാറ്റ്ഫോം വഴി ഓൺലൈനായി വിസ അനുവദിക്കുന്നത് കൃത്രിമത്വം കുറക്കുകയും പ്രോസസിങ്ങിന്റെ കൃത്യതയും വേഗവും മെച്ചപ്പെടുത്തുകയും ചെയ്യും.
ടൂറിസം മേഖലയിൽ ഉണർവാകും
വിസയിളവ് ടൂറിസം മേഖലയിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇമിഗ്രേഷന്റെ മുൻ ആക്ടിങ് ഡയറക്ടർ ബദർ അൽഹമ്മാദി പറഞ്ഞു. യാത്രക്ക് ദേശീയ വിമാനക്കമ്പനിയും അപേക്ഷകന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങളും റദ്ദാക്കിയതും മൾട്ടിപ്ൾ എൻട്രി അനുവദിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വസന്തകാലം, ശരത്ക്കാലം, ശൈത്യകാലം എന്നീ കാലാവസ്ഥകളിൽ ഗൾഫ് ടൂറിസം ഭൂപടത്തിൽ കുവൈത്തിനെ അടയാളപ്പെടുത്താൻ സഹായിക്കും. പ്രവാസി തൊഴിലാളികൾക്ക് കുടുംബങ്ങളെ കൊണ്ടുവരാൻ അനുവദിക്കുന്നത് മാനസിക സ്ഥിരത വർധിപ്പിക്കുന്നതിനും നിഷേധാത്മക പെരുമാറ്റങ്ങൾ കുറക്കുന്നതിനും സഹായിക്കുമെന്നും ബദർ അൽഹമ്മാദി പറഞ്ഞു.
ട്രാവൽ രംഗത്ത് കുതിപ്പാകും
ദേശീയ വിമാനക്കമ്പനികളെ ഒഴിവാക്കിയതും കുടുംബ സന്ദർശന വിസകൾ മൂന്നു മാസത്തേക്ക് നീട്ടുന്നതും കുവൈത്തിൽ എത്തുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്ന് ട്രാവൽ മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടി. ഇത്ട്രാവൽ മേഖലയിൽ കുതിപ്പുണ്ടാക്കും. സന്ദർശകർക്ക് ഇഷ്ടപ്പെട്ട എയർലൈൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നത് വിമാനയാത്രികരുടെ എണ്ണം കൂടുന്നതിനിടയാക്കും.
ടൂറിസം, റിയൽ എസ്റ്റേറ്റ് വിപണികളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഏറ്റവും വിജയകരമായ നടപടികളിലൊന്നാണ് സന്ദർശന വിസ സൗകര്യങ്ങൾ. മിതമായ കാലാവസ്ഥ, സുരക്ഷ, സമഗ്രമായ സേവനങ്ങൾ എന്നീ അനുകൂല ഘടകങ്ങളാൽ കുവൈത്തിന് ഇതിൽ പ്രധാന പങ്കുവഹിക്കാൻ കഴിയും. റിയൽ എസ്റ്റേറ്റ്, വാടക മേഖലകളിലെ ഉണർവ് ദേശീയ സമ്പദ്വ്യവസ്ഥയെ ഗുണപരമായി ബാധിക്കുമെന്നും ഈ രംഗത്തുള്ളവർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

