പ്രവാസികൾക്ക് കുടുംബവിസക്ക് അപേക്ഷകൾ നൽകാം
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത്സിറ്റി: പുതിയ നിബന്ധനകളും മാനദണ്ഡങ്ങളും പ്രകാരം പ്രവാസികൾക്ക് കുടുംബ വിസക്ക് അപേക്ഷകൾ നൽകാം. എല്ലാ റെസിഡൻസി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതൽ പ്രവാസികളുടെ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചു. ഇതോടെ ദീർഘകാലമായി നിർത്തിവെച്ച പ്രവാസി വിസ നടപടികൾക്ക് വീണ്ടും ജീവൻ വെച്ചു. വ്യാഴാഴ്ചയാണ് കുടുംബ വിസ നടപടികൾ പുനരാരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
അപേക്ഷകർക്ക് കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാറും യൂനിവേഴ്സിറ്റി ബിരുദവും നിർബന്ധമാണെന്ന പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ലെ മന്ത്രിതല പ്രമേയം ആർട്ടിക്കിൾ 30ൽ അനുശാസിക്കുന്ന തൊഴിൽ മേഖലയിലുള്ളവർക്ക് ഇളവ് ലഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആരോഗ്യ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമ്പത്തിക വിദഗ്ധർ, എൻജിനീയർമാർ, സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, കായിക പരിശീലകർ, പള്ളി ഇമാമുമാർ, ലൈബ്രേറിയൻമാർ, മൃതദേഹം പരിപാലിക്കുന്നവർ തുടങ്ങി 14 വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇതിൽ പലതിലും സർക്കാർ തലങ്ങളിലുള്ള ജോലിയാണ് പരിഗണിക്കുക. പാസ്പോർട്ട്, സിവിൽ ഐഡി കോപ്പികൾ, മാസ ശമ്പളം വ്യക്തമാക്കുന്ന വർക്ക് പെർമിറ്റ് കോപ്പി, അതത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രാലയവും കുവൈത്തിലെ വിദേശകാര്യമന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ബിരുദ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ് അഫിഡവിറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

