പ്രവാസി വനിതയെ കൊന്ന് കുഴിച്ചുമൂടി: സ്വദേശി കുടുംബത്തിനെതിരെ വിചാരണ
text_fieldsകുവൈത്ത്സിറ്റി: പ്രവാസി വനിതയെ കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസിൽ സ്വദേശി കുടുംബത്തിലെ നാലുപേർക്കെതിരെ വിചാരണ. 2024 ഡിസംബർ അവസാനം സഅദ് അൽ അബ്ദുല്ല സിറ്റിയിലെ വീട്ടിലാണ് കേസിനാസ്പദ സംഭവം. പിതാവും രണ്ട് ആൺമക്കളും ഒരു മകന്റെ ഭാര്യയുമാണ് വിചാരണ നേരിടുന്നത്.
പ്രോസിക്യൂഷൻ വാദം അനുസരിച്ച് തർക്കത്തെത്തുടർന്ന് കുവൈത്തി യുവാവ് വിദേശി കാമുകിയെ ക്രൂരമായി മർദിക്കുകയും അഗൽ (അറബി പുരുഷന്മാർ ശിരോവസ്ത്രത്തോടൊപ്പം ഉപയോഗിക്കുന്ന ചരട്) ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
ഈ സമയം പ്രതിയുടെ പിതാവ് അവിടെ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. ആദ്യം കുടുംബം മൃതദേഹം ഒളിപ്പിക്കുകയും പിന്നീട് പൂന്തോട്ടത്തിൽ കുഴിച്ചിടുകയുമായിരുന്നു. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് രണ്ടാമത്തെ മകനും ഭാര്യക്കുമെതിരെ കേസ്.
ഇരയുടെ പ്രതിനിധികളും മാതൃരാജ്യത്തിന്റെ എംബസിയും കേസിൽ കക്ഷിചേർന്ന് പ്രതികൾക്ക് കഠിന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. കേസ് വാദം കേൾക്കലിനായി മാർച്ച് പത്തിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
