എസ്.ഐ.ആർ സമയപരിധി നീട്ടണമെന്ന് പ്രവാസി സംഘടനകൾ
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പ്രസിഡന്റ് റഫീഖ് ബാബു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളിലെ അപാകതകൾ മൂലം പ്രവാസികളുടെ പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണെന്ന് കുവൈത്തിലെ വിവിധ പ്രവാസി സംഘടനകൾ ആശങ്ക രേഖപ്പെടുത്തി. പ്രവാസി വെൽഫെയർ കുവൈത്തിന്റെ നേതൃത്വത്തിൽ നടന്ന ടേബിൾ ടോക്കിൽ ഗൗരവമായ വിഷയങ്ങൾ പ്രതിനിധികൾ ഉന്നയിച്ചു. വോട്ടർ പട്ടിക പുതുക്കലിനായി നൽകിയിട്ടുള്ള സമയപരിധി അപര്യാപ്തമാണെന്നും നിലവിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് സമയം നീട്ടി നൽകണമെന്നും പ്രതിനിധികൾ കേന്ദ്ര സർക്കാരിനോടും തെരഞ്ഞെടുപ്പ് കമീഷനോടും ആവശ്യപ്പെട്ടു.
ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6 എ പൂരിപ്പിക്കുമ്പോൾ നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ ചർച്ചയിൽ പലരും ഉയർത്തികാട്ടി. വിദേശരാജ്യങ്ങളിൽ ജനിച്ച പ്രവാസികൾക്ക് അവരുടെ ജനനസ്ഥലം രേഖപ്പെടുത്താനുള്ള ഓപ്ഷൻ പോർട്ടലിൽ ലഭ്യമല്ലാത്തത് രണ്ടാം തലമുറയിലെ പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ ഇടം പിടിക്കാൻ തടസ്സമാകുന്നു.
എസ്.ഐ.ആർ നടപടികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താനും അർഹരായ എല്ലാ പ്രവാസികളും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നതോടൊപ്പം വിവിധ സംഘടനകളെ ഏകോപിപ്പിച്ചു തത്സമയ വിവര കൈമാറ്റത്തിനായി വാട്സ്ആപ്പ് കൂട്ടായ്മയും രൂപീകരിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതം പറഞ്ഞു. സെക്രട്ടറി അൻവർ ഷാജി ചർച്ച നിയന്ത്രിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. അമീർ, ബിനോയ് ചന്ദ്രൻ (ഒ.ഐ.സി.സി), അസീസ് തിക്കോടി (കെ.എം.സി.സി), സാബിഖ് യൂസഫ് (കെ.ഐ.ജി), മുഹമ്മദ് ഹുസൈൻ, ജസീർ (ഹുദ സെന്റർ), ഷറഫുദ്ദീൻ, ബഷീർ (കെ.കെ.എം.എ), ഷൈൻ ബാബു (വയനാട് അസോസിയേഷൻ), അഷ്റഫ് യു. നബീൽ (ഇന്ത്യൻ ഇസ്ലാഹി സെന്റർ), ലായിക് (പ്രവാസി വെൽഫയർ), ഫൈസൽ വടക്കേകാട്, നയീം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

