എ.ടി.എം മെഷീൻ തകരാറിലാണെന്ന് കരുതി മടങ്ങിയ പ്രവാസിയുടെ 800 ദീനാർ നഷ്ടപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: എ.ടി.എം മെഷീൻ തകരാറിലാണെന്ന് തെറ്റിദ്ധരിച്ച് മടങ്ങിയ പ്രവാസിയുടെ 800 ദീനാർ കൈക്കലാക്കിയ ദമ്പതികൾക്കുവേണ്ടി കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അന്വേഷണം ആരംഭിച്ചു.ഹവല്ലിയിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം നടന്നത്. എ.ടി.എമിൽ എത്തിയ പ്രവാസി 800 ദീനാർ പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. ഇടപാട് സ്ഥിരീകരിച്ച് അക്കൗണ്ടിൽനിന്ന് തുക കുറഞ്ഞെങ്കിലും പണം പുറത്തുവന്നില്ല. ഇതോടെ പ്രവാസി എ.ടി.എം പ്രവർത്തനരഹിതമാണെന്ന് കരുതി പുറത്തിറങ്ങി. എന്നാൽ പിന്നീട് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ഇടപാട് പൂർത്തിയായതായി അവർ സ്ഥിരീകരിച്ചു.
തുടർന്ന് അദ്ദേഹം എ.ടി.എമുള്ള മാളിലെത്തി മാനേജ്മെന്റിനെ വിവരം അറിയിച്ചു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു പുരുഷനും സ്ത്രീയും എ.ടി.എമ്മിൽനിന്ന് പണം ശേഖരിക്കുന്നതായി കണ്ടു. പുരുഷൻ പണം എടുത്ത് സ്ത്രീക്ക് കൈമാറുന്നതും മറ്റൊരു പിൻവലിക്കലിനായി സ്വന്തം ബാങ്ക് കാർഡ് ഉപയോഗിക്കുന്നതും വിഡിയോയിൽ കണ്ടു. തുടർന്ന് ഹവല്ലി സ്ക്വയർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എ.ടി.എം ഇടപാട് രേഖകളും നിരീക്ഷണ ദൃശ്യങ്ങളും ഉപയോഗിച്ച് പ്രതികളെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

