സഹകരണ സ്റ്റോറുകളിൽ പ്രവാസികള്‍ക്ക് വിലക്കില്ല
text_fieldsകുവൈത്ത് സിറ്റി: സഹകരണ സംഘം സ്റ്റോറുകളിൽ പ്രവാസികള്‍ക്ക് വിലക്കേര്പ്പെടുത്തിയതായ റിപ്പോർട്ടുകൾ തള്ളി അധികൃതർ. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തില്‍ പ്രവാസികള്‍ക്ക് ചില സഹകരണ സംഘങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സമൂഹ മാധ്യമങ്ങളിലാണ് ഇവ ആദ്യം പ്രചരിച്ചത്. സഹകരണ സ്ഥാപനങ്ങളിലെ ഇളവുകൾ പ്രവാസികൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നുവെന്നും വാർത്തയുണ്ടായിരുന്നു. അതിനിടെ, സഹകരണ സംഘത്തിൽ പ്രവേശിക്കുന്നതിൽനിന്ന് പ്രവാസികളെ തടയുന്നതും ഉൽപന്നങ്ങൾ പൗരന്മാർക്കു മാത്രമായി പരിമിതപ്പെടുത്തുന്നതും നിയമവിരുദ്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അസോസിയേഷൻ മേധാവി മിഷാല്‍ അൽമന വ്യക്തമാക്കി.
വിപണിയിലെ നിലവിലെ നിയമങ്ങള്‍ സഹകരണ സംഘങ്ങൾക്കും ബാധകമാണ്. ഈ വിഷയത്തില്‍ ഉടന്‍ ഇടപെടാന്‍ വാണിജ്യ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചതായും മിഷാല്‍ അറിയിച്ചു.
അതേസമയം, രാജ്യത്ത് പൗരന്മാർക്കായി വിതരണം ചെയ്യുന്ന റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ മറിച്ചുവില്‍ക്കുന്നതിനെതിരെ അധികൃതർ നടപടി ശക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടാന്‍ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ, വാണിജ്യ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു പ്രവർത്തിച്ചുവരുന്നു.
പൗരന്മാർക്ക് സബ്സിഡി നിരക്കിൽ നല്കുന്ന റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ രാജ്യത്തിനു പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമനടപടികള്‍ക്ക് വഴിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

