ബാങ്ക്, സിം കാർഡുകളുമായി പ്രവാസി പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ബാങ്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രവാസി പൗരനെ സാമ്പത്തിക കുറ്റകൃത്യ വകുപ്പ് അറസ്റ്റ് ചെയ്തു.അന്വേഷണത്തിൽ പ്രതി നിരവധി പ്രവാസികളിൽനിന്ന് ബാങ്ക് കാർഡുകളും സിം കാർഡുകളും വാങ്ങിയിരുന്നതായി കണ്ടെത്തി.അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കൈവശം എട്ട് ബാങ്ക് കാർഡുകളും നാല് സിം കാർഡുകളും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ, തന്റെ വീട്ടിൽ കൂടുതൽ ഉണ്ടെന്ന് അയാൾ സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ 12 ബാങ്ക് കാർഡുകൾ, 16 സിം കാർഡുകൾ, നിരവധി ബാങ്ക് രേഖകൾ, ശൂന്യമായ സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു.
ഈ കാർഡുകളും സിമ്മുകളും മറ്റൊരാൾക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു താനെന്ന് പ്രതി സമ്മതിച്ചു. ഇവ വിദേശത്തേക്ക് അയച്ച് വഞ്ചനാ പ്രവർത്തനങ്ങൾക്കും പണം തട്ടാനും ഉപയോഗിച്ചിരുന്നതായും പ്രതി സമ്മതിച്ചു.പ്രതിക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിച്ചു പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

