എക്സിറ്റ് പെർമിറ്റ് അപേക്ഷ; സഹൽ ആപ്പിൽ ഇംഗ്ലീഷ് സേവനം ഉടൻ
text_fieldsകുവൈത്ത് സിറ്റി: ജൂലൈ ഒന്നു മുതൽ കുവൈത്തിൽ നിന്ന് പുറത്തുപോകാൻ പ്രവാസികൾക്ക് നിർബന്ധമായ എക്സിറ്റ് പെർമിറ്റ് നടപ്പിലാക്കാൻ തയാറെടുത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം). സഹൽ ആപ്, ലേബർ സർവിസസ് പോർട്ടലിന് കീഴിലുള്ള ‘ഈസി കമ്പനീസ് പേജ്’, 'ഈസി മാൻപവർ' പേജ് എന്നിവ വഴി തൊഴിലാളികൾക്ക് സേവനങ്ങൾ ലഭ്യമാക്കുമെന്ന് പാം പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റിന്റെ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ റബാബ് അൽ ഒസൈമി വ്യക്തമാക്കി.
ഈ സേവനങ്ങൾ ഉടൻ തന്നെ ഇംഗ്ലീഷിൽ ആരംഭിക്കും. സേവനങ്ങൾ കാര്യക്ഷമമായി 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. സഹൽ ആപ്പിൽ സേവനത്തിനായി പ്രത്യേക ഒപ്ഷൻ ഒരുക്കിയിട്ടുണ്ട്. അപേക്ഷ സഹൽ ബിസിനസ് ആപ്പുവഴി തൊഴിലുടമക്ക് ലഭിക്കും. തൊഴിലുടമയുടെ അംഗീകാരത്തിന് ശേഷം അറിയിപ്പുകൾ നേരിട്ട് തൊഴിലാളിക്ക് അയക്കുകയും സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും ചെയ്യും.
അപേക്ഷ സമർപ്പിക്കുന്നതിനും അംഗീകാരം നേടുന്നതിനും മിനിറ്റുകൾ മാത്രമേ എടുക്കൂ. ഇതിൽ അതോറിറ്റി ജീവനക്കാരുടെ ഇടപെടൽ ഉണ്ടാകില്ല.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് പുതിയ സേവനം സജീവമാക്കിയതെന്നും റബാബ് അൽ ഒസൈമി പറഞ്ഞു.
ക്യു.ആർ കോഡ് അടങ്ങിയ എക്സിറ്റ് പെർമിറ്റ് വിമാനത്താവളം അതിർത്തി ചെക്പോസ്റ്റുകൾ എന്നിവിടങ്ങിൽ കാണിക്കണം. എക്സ്സിറ്റ് പെർമിറ്റിന്റെ പ്രിന്റ് കോപ്പി, ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലെ ഡിജിറ്റൽ കോപ്പി എന്നിവ ഇതിന് ഉപയോഗിക്കാം. ജൂലൈ ഒന്നുമുതൽ കുവൈത്തിൽ നിന്ന് പുറത്തുപോകാൻ പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാണ്.
ഇതിനായി അപേക്ഷ നൽകുന്ന സഹൽ ആപ്പിൽ സേവനം അറബി ഭാഷയിൽ മാത്രമായിരുന്നത് പ്രവാസികൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ ഉൾപ്പെടുത്തന്നതോടെ ഇതിന് ആശ്വാസമാകും. കുവൈത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പ്രവാസി തൊഴിലാളികൾ തൊഴിലുടമയിൽ നിന്ന് വാങ്ങേണ്ട ഔദ്യോഗിക രേഖയാണ് എക്സിറ്റ് പെർമിറ്റ്. അവധിക്കും അടിയന്തര സാഹചര്യങ്ങളും അടക്കം എല്ലാ യാത്രക്കും ഇത് നിർബന്ധമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

