ഇന്നുമുതൽ യാത്രക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധം
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്ക് രാജ്യത്തിന് പുറത്തുപോകാൻ ഇന്നുമുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം. തൊഴിൽ ഉടമയിൽനിന്ന് ലഭിക്കുന്ന എക്സിറ്റ് പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമാകും ഇനി വിമാനത്താവളം, അതിർത്തി ചെക്പോസ്റ്റകൾ എന്നിവിടങ്ങളിൽ യാത്രക്കു അനുമതി ഉണ്ടാകൂ. എക്സിറ്റ് പെർമിറ്റിന്റെ പ്രിന്റ് കോപിയോ 'സഹൽ' ആപ് വഴി ഡിജിറ്റലായോ ഇവ ഉദ്യോഗസ്ഥരെ കാണിക്കാം. യാത്രക്കുമുമ്പ് തൊഴിലുടമകളിൽനിന്നുള്ള ഔദ്യോഗിക അനുമതി ഉറപ്പാക്കുകയാണ് ലക്ഷ്യം.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ, യാത്ര നിയമപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ മുൻകൂർ അനുമതിയില്ലാതെയും സ്പോൺസർ അറിയാതെയും തൊഴിലാളികൾ പോകുന്ന സംഭവങ്ങൾ കുറക്കുക എന്നിവയും പുതിയ സംവിധാനം വഴി ലക്ഷ്യമിടുന്നു. സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് രാജ്യത്തിന് പുറത്തുപോകാൻ നേരത്തെ എക്സിറ്റ് പെർമിറ്റ് നിർബന്ധമായിരുന്നു.
മുന്നറിയിപ്പുമായി ജസീറ എയർവേസ്
എക്സിറ്റ് പെർമിറ്റ് നിയമവുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് മുന്നറിയിപ്പുമായി ജസീറ എയർവേസ്. എയർവേസ് പുറത്തിറക്കിയ അറിയിപ്പനുസരിച്ച്, തൊഴിലുടമ അംഗീകരിച്ച എക്സിറ്റ് പെർമിറ്റ് വിമാനത്താവളത്തിൽ കാണിക്കണം. സാധുവായ എക്സിറ്റ് പെർമിറ്റ് ഇല്ലാത്തവരുടെ യാത്രക്ക് അത് തടസ്സമാകാം. യാത്ര തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രക്കു മുമ്പ് ആവശ്യമായ എല്ലാ യാത്രാരേഖകളുടെയും പ്രത്യേകിച്ച് എക്സിറ്റ് പെർമിറ്റിന്റെ സാധുത പരിശോധിക്കാൻ ജസീറ എയർവേസ് ഉണർത്തി. പെർമിറ്റുകൾ നഷ്ടപ്പെട്ടതുമൂലം ഉണ്ടാകുന്ന യാത്രാകാലതാമസത്തിനോ റദ്ദാക്കലിനോ ജസീറ എയർവേസ് ഉത്തരവാദിയായിരിക്കില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

