എക്സിറ്റ് പെർമിറ്റ് അപേക്ഷ ലളിതം; സഹൽ ആപ് വഴി അപേക്ഷ നൽകാം
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്ക് രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയതോടെ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പാം) ഇതിനായുള്ള സേവനങ്ങൾ ആരംഭിച്ചു. ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ വഴി തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് അപേക്ഷിക്കാം. ബിസിനസ് ഉടമകൾ സഹൽ ബിസിനസ് വഴിയാകും അഭ്യർഥന അംഗീകരിക്കുക.
സഹൽ ആപു വഴി തൊഴിലാളികൾക്ക് അവരുടെ തൊഴിലുടമകൾക്ക് ഓൺലൈനായി എക്സിറ്റ് പെർമിറ്റ് അപേക്ഷ സമർപ്പിക്കാമെന്നും സഹൽ ബിസിനസ് ആപ് വഴി തൊഴിലുടമകൾക്ക് ജീവനക്കാർ സമർപ്പിച്ച എക്സിറ്റ് പെർമിറ്റ് അഭ്യർഥനകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും കഴിയുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി.
ലളിതമായും എളുപ്പത്തിലും സഹൽ ആപു വഴി എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാം. സഹൽ ആപ്പിൽ അറബിക് ഭാഷ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മാൻപവർ അതോറിറ്റി സേവനങ്ങൾ പൂർണമായും ഇംഗ്ലീഷിൽ ലഭ്യമായിട്ടില്ല.
അപേക്ഷകർ ടിക്കറ്റ് പ്രകാരമുള്ള യാത്രദിവസമാണ് എക്സിറ്റ് പെർമിറ്റ് തീയതിയായി നൽകേണ്ടത്. മറ്റു ദിവസങ്ങൾ തെറ്റായി നൽകുന്നത് യാത്രയെ ബാധിച്ചേക്കാം. എക്സിറ്റ് പെർമിറ്റ് അപേക്ഷ നൽകിയതിനുശേഷം തൊഴിലുടമ പ്രതികരിക്കുന്നതിൽ വൈകുകയോ സാധുവായ കാരണമില്ലാതെ അഭ്യർഥന നിരസിക്കുകയോ ചെയ്താൽ മാൻപവർ അതോറിറ്റിയിൽ പരാതിയും നൽകാം. ജൂലൈ ഒന്നു മുതൽ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധമാണ്.
അപേക്ഷിക്കേണ്ട രീതി
മൊബൈലിൽ സഹൽ ആപ് തുറക്കുക
അറബിക് ഭാഷ തിരഞ്ഞെടുക്കുക
തൊട്ടു താഴെയുള്ള മെനുവിൽ ‘സേവനങ്ങൾ’ എന്നതിൽ ടാപ്പ് ചെയ്യുക
സ്ക്രോൾ ചെയ്ത് ‘പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ’ തിരഞ്ഞെടുക്കുക
‘എക്സ്പാട്രിയേറ്റ് ലേബർ സർവിസ്’ തിരഞ്ഞെടുക്കുക
‘എക്സിറ്റ് പെർമിറ്റ് നൽകൽ’ എന്നതിൽ ടാപ്പ് ചെയ്യുക
എക്സിറ്റ് തീയതിയും പ്രതീക്ഷിക്കുന്ന മടക്ക തീയതിയും ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകുക
അപേക്ഷ പൂർത്തിയായിക്കഴിഞ്ഞാൽ അത് തൊഴിലുടമക്ക് അംഗീകാരത്തിനായി സ്വയമേവ അയക്കും
തൊഴിലുടമ അപേക്ഷ അംഗീകരിച്ചാൽ എക്സിറ്റ് പെർമിറ്റ് ലഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

