അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ എക്സിക്യൂട്ടിവ് യോഗം ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിൽ എക്സിക്യൂട്ടിവ് ഓഫിസിന്റെ 16ാമത് റെഗുലർ സെഷൻ ഞായറാഴ്ച മുതൽ വ്യാഴാഴ്ചവരെ കുവൈത്തിൽ നടക്കും.
ഇറാഖ് അധ്യക്ഷനായ ബ്യൂറോയുടെ സെഷനിൽ സംഘടനകളുടെയും ഫെഡറേഷനുകളുടെയും പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം ഔദ്യോഗികവക്താവ് നവാർ മുറാദ് പറഞ്ഞു.
2022 സെപ്റ്റംബറിൽ കൈറോയിൽ നടന്ന 52ാമത് സെഷനിൽ അറബ് ഇൻഫർമേഷൻ കൗൺസിൽ പുറപ്പെടുവിച്ച പ്രമേയങ്ങൾ നടപ്പാക്കുന്നത് കോൺഫറൻസ് ചർച്ചചെയ്യും. സോഷ്യൽ മീഡിയ മൂലമുണ്ടാകുന്ന വെല്ലുവിളികൾ പ്രധാന ചർച്ചാവിഷയമാണ്. സ്ഥിരം അറബ് ഇൻഫർമേഷൻ കമ്മിറ്റി 98ാമത് സെഷനും ഭീകരവാദത്തെ നേരിടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് പിന്തുടരാൻ ചുമതലപ്പെടുത്തിയ സ്ഥിരം വിദഗ്ധരുടെ 24ാമത് യോഗവും ഒരേസമയം നടത്തുമെന്നും നവാർ മുറാദ് കൂട്ടിച്ചേർത്തു.
തീവ്രവാദം, ഇ-മീഡിയ, ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഇടപെടൽ തുടങ്ങിയ വിഷയങ്ങളും യോഗത്തിന്റെ അജണ്ടയിൽ വരുന്നു.
അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിലിന്റെ എക്സിക്യൂട്ടിവ് ഓഫിസിൽ കുവൈത്ത്, തുനീഷ്യ, അൾജീരിയ, സൗദി, ഇറാഖ്, ഖമറൂസ് ദ്വീപുകൾ, ലെബനൻ, യമൻ എന്നിവയും അറബ് ലീഗിന്റെ കുടക്കീഴിൽ മാധ്യമജോലികൾ ചെയ്യുന്ന സംഘടനകളും യൂനിയനുകളും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

