ഒാരോ വിയോഗവും വേദനയാണ്
text_fieldsഫൈസൽ ഹംസ (മെട്രോ മെഡിക്കൽ ഗ്രൂപ്)
കുവൈത്തിൽ കൊറോണ എന്ന പേര് തുടക്കത്തിൽ കേൾക്കുമ്പോൾ ചൈനയിൽ മാത്രമുള്ള ഒരു രോഗാവസ്ഥ എന്നനിലയിൽ ഇവിടെ അതത്ര കാര്യമാക്കേണ്ടതില്ല എന്ന രീതിയിലായിരുന്നു കണ്ടത്. മെഡിക്കൽ സെൻററിലേക്ക് വരുന്നവർ ചില രാജ്യങ്ങളിൽ പോയിട്ടുണ്ടോ എന്നു ചോദിച്ച് ഇല്ലെന്ന് ഉറപ്പു വരുത്തുന്ന രീതി അനുവർത്തിച്ചു. പിന്നീട് കൊറോണ ലോകമെങ്ങും വ്യാപിച്ച് മനുഷ്യജീവനുകൾ കവർന്നെടുക്കാൻ തുടങ്ങി. കാര്യങ്ങൾ പരിധിവിടുന്നുവെന്ന് തോന്നിത്തുടങ്ങിയപ്പോൾ ഞങ്ങളുടെ ചെയർമാൻ ഹംസ പയ്യന്നൂർ ആദ്യം ചെയ്തത് ഞങ്ങളെയൊക്കെ വിളിച്ച് ഒരുമിച്ചുനിർത്തി ഒരു ടീം ഉണ്ടാക്കി ഏത് സാഹചര്യത്തെയും അഭിമുഖീകരിക്കാൻ തയാറാക്കുകയായിരുന്നു.
സേവനങ്ങൾ ക്ലിനിക്കിൽ ഒതുങ്ങിയില്ല. സദാ പ്രവർത്തനസജ്ജമായ കോൾ സെൻററിൽ കോളുകൾ വന്നുതുടങ്ങിയപ്പോൾ കുട്ടികൾെക്കങ്കിലും ഇത്തിരി ഭക്ഷണം കൊടുക്കാനും പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ മുടങ്ങാതിരിക്കാനും കഴിയുന്നത് ചെയ്യണമെന്ന് ടീം ഒന്നാകെ മനസ്സിലുറപ്പിച്ചു. അത്രയധികം കോളുകൾ ഒരു ആശുപത്രിയെന്ന നിലയിൽ വന്നുകൊണ്ടിരുന്ന സമയത്ത് ഡോക്ടർമാരും നന്മനിറഞ്ഞ മാലാഖമാരും സേവനസന്നദ്ധതയോടെ അവരുടെ ഉത്തരവാദിത്തം പൂർണമായ അർഥത്തിൽ നിർവഹിച്ചത് ഓർമിക്കാതിരിക്കാൻ കഴിയില്ല. കുടുംബത്തോടൊപ്പമോ ഒറ്റക്കോ താമസിക്കുന്ന ജീവനക്കാർ എല്ലാം ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടേണ്ട ആവശ്യകത ചെയർമാൻ വിശദീകരിച്ചപ്പോൾ എല്ലാവരും സന്തോഷപൂർവം ഉൾക്കൊണ്ടു. ഭക്ഷണകിറ്റുകളും മരുന്നുകളും തയാറാക്കി.
വാഹനമുള്ളവർ സഹപ്രവർത്തകരോടൊപ്പം കുവൈത്തിൽ അേങ്ങാളമിങ്ങോളം ഭക്ഷണകിറ്റുകൾ എത്തിച്ചു. ചെയർമാൻ, നഴ്സുമാർ എന്നിവർ ഉൾപ്പെടെയുള്ള സംഘം കുവൈത്തിെൻറ വിവിധഭാഗങ്ങളിൽ ആംബുലൻസിൽ മരുന്നുകൾ എത്തിക്കാനുള്ള കഠിനപ്രയത്നത്തിലായിരുന്നു.
ഇതൊക്കെ നടക്കുേമ്പാഴും ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങളും പരിശീലനവും ആദ്യമേ സജ്ജമാക്കി. 350ൽപരം ജീവനക്കാർ കോവിഡ് രോഗികൾ അടക്കമുള്ളവരുമായി നിരന്തരം സമ്പർക്കം പുലർത്തേണ്ടിവന്നിട്ടും ദൈവാനുഗ്രഹത്താൽ സുരക്ഷിതരായി കഴിയുന്നു. കോവിഡ് കാലം നികത്താവാത്ത നഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.
സാമ്പത്തിക, സാമൂഹിക ആഘാതങ്ങൾ പ്രധാനമാണെങ്കിലും പ്രിയപ്പെട്ടവരുടെ വിയോഗമാണ് ഏറ്റവും വലിയ നഷ്ടം. അത് ഒരിക്കലും നികത്താൻ കഴിയാത്തതുമാണ്. ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നുവേണ്ട ഒരു സാധാരണ മനുഷ്യെൻറ വിയോഗംപോലും അയാളുമായി ബന്ധപ്പെട്ടവർക്ക് നികത്താൻ കഴിയാത്ത നഷ്ടമാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നമുക്ക് പ്രിയപ്പെട്ട പലരും വിടവാങ്ങി. കോവിഡ് ബാധിച്ചല്ലെങ്കിലും സഹപ്രവർത്തകൻ റഷീദിെൻറ മരണം മെട്രോ മെഡിക്കൽ കെയർ ജീവനക്കാർക്ക് ഏൽപിച്ച ആഘാതം ചെറുതല്ല. കോവിഡ് ലോക്ഡൗൺ കാലത്ത് ഭക്ഷണക്കിറ്റും മരുന്നും എത്തിക്കാൻ സമയം നോക്കാതെ മുന്നിൽനിന്ന സഹപ്രവർത്തകൻ ആയിരുന്നു റഷീദ്. ഒാരോ വിയോഗവും വേദനയാണ്.
ഞങ്ങളുടെ പ്രിയപ്പെട്ടവെൻറ വിയോഗം ഞങ്ങളുടെ വേദനയെങ്കിൽ പല മരണങ്ങളും പലരുടെയും തോരാത്ത കണ്ണുനീർ ആണല്ലോ. മഹാമാരിക്കെതിരായ പോരാട്ടത്തിൽ കീഴടങ്ങിയവരുടേത് കേവല വിയോഗമല്ല. പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകരുടെ വിയോഗം. അത് നമുക്കെല്ലാം വേണ്ടിയുള്ള രക്തസാക്ഷിത്വംതന്നെയാണ്. എല്ലാവർക്കും പ്രാർഥനകൾ.
സവിശേഷമായി തോന്നിയ കോവിഡുകാല നന്മയെക്കുറിച്ച് ഗൾഫ് മാധ്യമത്തിൽ എഴുതാം. കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

