പരിസ്ഥിതിക്ക് ഭീഷണി, അംഗറയിൽ പഴയ ടയറുകൾ തള്ളുന്നു
text_fieldsഅംഗറ സ്ക്രാപ് യാർഡിൽ പഴയ ടയറുകൾ കൂട്ടിയിട്ട നിലയിൽ
കുവൈത്ത് സിറ്റി: പരിസ്ഥിതിക്ക് ഭീഷണി ഉയർത്തി അംഗറ സ്ക്രാപ് യാർഡ് ഭാഗത്ത് പഴയ ടയറുകൾ തള്ളുന്നത് പരിസ്ഥിതിക്ക് ഭീഷണിയാകുന്നു. ഒാരോ ദിവസവും നൂറുകണക്കിന് പുതിയ ടയറുകൾ ഇവിടെ ഉപേക്ഷിക്കുന്നുണ്ട്. അർഹിയയിലെ കൂമ്പാരം നീക്കിയപ്പോഴാണ് മറ്റൊരിടത്ത് പുതിയ കൂമ്പാരം രൂപപ്പെടുന്നത്. ലോകശ്രദ്ധ നേടിയ പരിസ്ഥിതി പ്രശ്നമായിരുന്നു കുവൈത്തിലെ ടയർ മല. ഏക്കറുകണക്കിന് പ്രദേശത്തു വ്യാപിച്ചു കിടന്നിരുന്ന നാല് കോടിയിലേറെ വരുന്ന ഉപേക്ഷിക്കപ്പെട്ട ചക്രങ്ങൾ പരിസ്ഥിതിക്ക് ഏറെ ഭീഷണി ഉയർത്തിയിരുന്നു.
അർഹിയയിൽനിന്ന് സൽമിയിലേക്ക് മാറ്റിയ ഇവ റോഡ് നിർമാണത്തിലെ അസംസ്കൃത വസ്തുവായി ഉപയോഗിക്കാനാണ് അധികൃതർ തീരുമാനിച്ചത്. അർഹിയയിലെയും സൽമിയിലെയും ടയർ കൂമ്പാരത്തിന് പല തവണ തീപിടിച്ചിരുന്നു. ഏറെ കാലത്തെ പഠനങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ടയറുകൾ അർഹിയയിൽനിന്ന് അതിർത്തിപ്രദേശമായ സൽമിയിലേക്കു മാറ്റാൻ തീരുമാനമായത്. എണ്ണ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ആറുമാസത്തെ പ്രയത്ന ഫലമായാണ് ടയറുകൾ പൂർണമായി മാറ്റിയത്. 44,000 ട്രിപ്പുകളിലായാണ് ടയറുകൾ സൽമിയിലെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. സൽമിയിൽ ടയർ സംസ്കരണ യൂനിറ്റ് പൂർണ തോതിൽ പ്രവർത്തന സജ്ജമായാൽ പലയിടത്തായി ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

