പരിസ്ഥിതി സംരക്ഷണം; സംയുക്ത പ്രവർത്തനത്തിന് ജി.സി.സി പിന്തുണ
text_fieldsകുവൈത്തിൽ നടന്ന ജി.സി.സി പരിസ്ഥിതി കാര്യങ്ങളുടെ മന്ത്രിമാരുടെ യോഗം
കുവൈത്ത് സിറ്റി: പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലുള്ള താൽപര്യം പ്രകടമാക്കി എണ്ണ മന്ത്രിയും സുപ്രീം പരിസ്ഥിതി കൗൺസിൽ പ്രസിഡന്റുമായ ഡോ. താരിഖ് അൽ റൂമി. വിഷയത്തിൽ സംയുക്ത പ്രവർത്തനത്തിന് ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലുള്ള പിന്തുണയും അദ്ദേഹം സൂചിപ്പിച്ചു.
ജി.സി.സി പരിസ്ഥിതി കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിമാരുടെ 27ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡോ. അൽ റൂമി. ആഗോള കാലാവസ്ഥ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണം ദേശീയവും പ്രാദേശികവുമായ മുൻഗണന വിഷയമാക്കുന്നതിൽ ജി.സി.സി ശ്രദ്ധാലുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി മേഖലയിൽ കുവൈത്ത് അക്ഷീണം പരിശ്രമിക്കുന്നുണ്ട്. ഗൾഫ് പരിസ്ഥിതി സംരംഭങ്ങളെയും പദ്ധതികളെയും പിന്തുണക്കുന്നതിലും കുവൈത്ത് ശ്രദ്ധാലുവാണ്.
ശുദ്ധവും സുരക്ഷിതവും സുസ്ഥിരവുമായ ഒരു അന്തരീക്ഷം കൈവരിക്കുന്നതിനായി സഹോദര രാജ്യങ്ങളുമായുള്ള സഹകരണം പിന്തുടരാനും, സംയുക്ത ഗൾഫ് പദ്ധതികളെ പിന്തുണക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങൾ പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഗുണപരമായ വികസനത്തിന് സാക്ഷ്യംവഹിച്ചതായി ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു.
ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കൽ, ഉപഭോഗം യുക്തിസഹമാക്കൽ, സംസ്കരിച്ച ജലത്തിന്റെ ഉപയോഗം വർധിപ്പിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. പരിസ്ഥിതി മേഖലയിലെ ജി.സി.സി മുന്നേറ്റം ശക്തിപ്പെടുത്തുക, കാലാവസ്ഥ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കണ്ടെത്തുക, മനുഷ്യരാശിയുടെ ക്ഷേമത്തിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരതക്കും വേണ്ടിയുള്ള പരിഹാരങ്ങൾ കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

