ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ; പരിശോധന തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പരിശോധന തുടരുന്നു. മുബാറകിയ്യ ഭക്ഷ്യ പരിശോധന കേന്ദ്രം സംഘം പ്രദേശത്ത് ഹോട്ടലുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തി. പരിശോധനയിൽ 18 നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകി. നിറം മാറ്റം, ദുർഗന്ധം എന്നിവ ഉൾപ്പെടെയുള്ള കേടായ ഭക്ഷ്യയിനങ്ങൾ പരിശോധകർ കണ്ടെത്തി. മധുരപലഹാരങ്ങൾ തയാറാക്കാൻ ഉപയോഗിച്ചിരുന്ന 3,600 കേടായ മുട്ടകൾ പിടിച്ചെടുത്തു. മൊത്തം 680 കിലോ കേടായ വസ്തുക്കൾ കണ്ടെത്തി.
ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യുന്നതായും കണ്ടെത്തി. ഇത്തരം തൊഴിലുടമക്കെതിരെ നിയമലംഘനങ്ങൾ ചുമത്തി. കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ചുള്ള പ്രവർത്തനം, ശുചിത്വ ചട്ട ലംഘനം, ആരോഗ്യ നിയമ ലംഘനം, ശുചിത്വ മാനദണ്ഡങ്ങളുടെ അവഗണന തുടങ്ങിയ ലംഘനങ്ങളും കണ്ടെത്തി. മുബാറകിയ്യ ഭക്ഷ്യ പരിശോധന കേന്ദ്രം തലവൻ മുഹമ്മദ് അൽ കന്ദരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

