ഡിജിറ്റൽ ഭാവിയും സുരക്ഷയും ഉറപ്പാക്കൽ പ്രധാനം
text_fieldsകമ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രി ഉമർ അൽ ഉമർ
കുവൈത്ത് സിറ്റി: രാജ്യത്ത് ഡിജിറ്റൽ ഭാവിയും സുരക്ഷയും ഉറപ്പാക്കുന്നതിൽ ക്ലൗഡ് കമ്പ്യൂട്ടിങ് നിർണായകമാണെന്ന് കമ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രി ഉമർ അൽ ഉമർ.
ഗൂഗ്ൾ ക്ലൗഡുമായുള്ള സഹകരണം രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള ശക്തമായ പ്രതിബദ്ധതയെ തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഗ്ൾ ക്ലൗഡിന്റെ സഹകരണത്തോടെ നാഷനൽ സൈബർ സുരക്ഷാ സെന്റർ സംഘടിപ്പിച്ച 'ക്ലൗഡ് കമ്പ്യൂട്ടിങ് സ്വീകരിക്കുന്നതിലെ വെല്ലുവിളികൾ' എന്ന വർക്ക്ഷോപ്പിൽ പങ്കെടുത്തതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
കുവൈത്ത്-ഗൂഗ്ൾ ക്ലൗഡ് തന്ത്രപരമായ പങ്കാളിത്ത കരാറിന്റെ ചട്ടക്കൂടിലാണ് ഈ സഹകരണം നടക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഡിജിറ്റൽ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ക്ലൗഡ് സേവനങ്ങളിലെ കഴിവുകൾ വർധിപ്പിക്കലുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ സൈബർ സുരക്ഷാ സംവിധാനങ്ങളുമായി ക്ലൗഡ് കമ്പ്യൂട്ടിങ് സംയോജിപ്പിക്കുന്നത് ഡേറ്റ സംരക്ഷണത്തിനും സേവനങ്ങളുടെ സ്ഥിരതക്കും അത്യന്താപേക്ഷിതമാണെന്നും അൽ ഉമർ ചൂണ്ടിക്കാട്ടി.
ദേശീയ തലത്തിലുള്ള നേതാക്കളും സൈബർ സുരക്ഷാ വിദഗ്ധരും വർക്ക്ഷോപ്പിൽ പങ്കെടുത്തു.
നാഷനൽ സൈബർ സുരക്ഷാ സെന്റർ ഡയറക്ടർ എൻജിനീയർ അബീർ അൽ അവാദി ഗൂഗ്ൾ ക്ലൗഡുമായുള്ള സഹകരണത്തിൽ അഭിമാനം പ്രകടിപ്പിച്ചു.
സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള തുടർച്ചയായ സഹകരണം സൈബർ സുരക്ഷാ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങളുടെ രഹസ്യാത്മകതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണെന്നും അൽ അവാദി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

