വിദേശ എൻജിനീയർമാരുടെ യോഗ്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് സംവിധാനം
text_fieldsകുവൈത്ത് സിറ്റി: വിദേശ എൻജിനീയർമാരുടെ യോഗ്യത ഉറപ്പാക്കാൻ കുവൈത്ത് തൊഴിൽ മന്ത്രാലയം ഇലക്ട്രോണിക് സംവിധാനം നടപ്പാക്കുന്നു.
വ്യാജ യോഗ്യതസർട്ടിഫിക്കറ്റുകളുമായി എത്തുന്നവരെ തടയുകയാണ് പുതിയ സംവിധാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി എൻജിനീയേഴ്സ് സൊസൈറ്റി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ തിരിച്ചറിയാൻ കഴിയുന്ന പ്രത്യേക ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്.
യോഗ്യരായ എൻജിനീയർമാരെ കണ്ടെത്താൻ മാനവശേഷി വകുപ്പിനും യോഗ്യതക്കനുസരിച്ചുള്ള ജോലി തെരഞ്ഞെടുക്കാൻ ഉദ്യോഗാർഥികൾക്കും സഹായകമാകുന്നതാണ് ആപ്ലിക്കേഷൻ.
അംഗീകൃതമല്ലാത്ത സർവകലാശാലകളിൽനിന്ന് ബിരുദം നേടിയവരെയും വ്യാജരേഖകളുമായി എത്തുന്നവരെയും കണ്ടെത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. അതത് രാജ്യങ്ങളിലെ അക്രഡിറ്റേഷൻ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ് യോഗ്യതയായി പരിഗണിക്കുക. ഉദാഹരണത്തിന് ഇന്ത്യൻ എൻജിനീയർമാർക്ക് കുവൈത്തിൽ ജോലി ലഭിക്കണമെങ്കിൽ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷനിൽ രജിസ്റ്റർ ചെയ്ത കോളജുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ആദ്യഘട്ടത്തിൽ സർക്കാർ തസ്തികകളിലേക്ക് മാത്രമാണ് സ്ക്രീനിങ് സംവിധാനം നിർബന്ധമാക്കുന്നത്. പിന്നീട് സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന. ഇലക്ട്രോണിക് സംവിധാനം നടപ്പാക്കുന്നതിെൻറ മുന്നോടിയായി തൊഴിൽ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഹിന്ദ് അൽ സബീഹ് എൻജിനീയേഴ്സ് സൊസൈറ്റി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.