ഊർജ സുരക്ഷക്ക് കരുത്താകും; ജാസ് ഓഫ്ഷോർ മേഖലയിൽ പ്രകൃതിവാതക പാടം
text_fieldsജാസ് ഓഫ്ഷോർ മേഖലയിലെ പര്യവേഷണം
കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും വൻതോതിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തി. ജാസ് ഓഫ്ഷോർ മേഖലയിലാണ് പുതിയ കണ്ടെത്തൽ. പ്രതിദിനം 29 ദശലക്ഷം ക്യൂബിക് അടി വാതകവും 5,000 ബാരലിൽ അധികം കണ്ടൻസേറ്റും ഉൽപാദന ശേഷിയുള്ളതാണ് പുതുതായി കണ്ടെത്തിയ ഇടമെന്ന് കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) അറിയിച്ചു.
കാർബൺ ഡൈ ഓക്സൈഡിന്റെയും ഹൈഡ്രജൻ സൾഫൈഡിന്റെയും അളവ് കുറഞ്ഞതും ജലരഹിതവുമായ ഈ ശേഖരം പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി ഗുണമേന്മയുള്ളതുമാണ്. ഏകദേശം 40 ചതുരശ്ര കിലോമീറ്റർ പ്രാഥമിക വിസ്തീർണം പുതിയ മേഖലക്ക് കണക്കാക്കുന്നു. ഏകദേശം ഒരു ട്രില്യൺ ഘന അടി വാതകത്തിന്റെ സാധ്യതയുള്ള കരുതൽ ശേഖരം ഇതിനുണ്ട്. ഈ കണക്കുകൾ പ്രാഥമികമാണ്, അടുത്തുള്ള കിണറുകളിൽ തുടർച്ചയായ പര്യവേക്ഷണം നടക്കുമ്പോൾ ഇത് വർധിച്ചേക്കാം.
ദേശീയ ഊർജ സുരക്ഷയും ഉൽപാദന ശേഷിയും വർധിപ്പിക്കുന്നതിനുമുള്ള കുവൈത്ത് ഓയിൽ കമ്പനിയുടെയും കെ.ഒ.സിയുടെയും പ്രധാന നാഴികക്കല്ലാണ് ഈ കണ്ടെത്തലെന്ന് എണ്ണ മന്ത്രിയും കെ.പി.സി ചെയർമാനുമായ ഡോ. താരിഖ് അൽ റൂമി പറഞ്ഞു. സമുദ്ര മേഖലയിലെ ഉൽപാദനം വർധിപ്പിച്ച് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എണ്ണ, വാതക മേഖലയിലെ പര്യവേക്ഷണത്തി രാജ്യത്തിന്റെ നേട്ടം പ്രതിഫലിപ്പിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് കെ.പി.സി സി.ഇ.ഒ ശൈഖ് നവാഫ് സുഊദ് അൽ നാസർ അസ്സബാഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

