കുവൈത്തിൽ വൈദ്യുതി നിയന്ത്രണം തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. വ്യാഴാഴ്ച റൗദത്തൈൻ, അബ്ദലി, വഫ്ര, മിന അബ്ദുല്ല, സുബ്ഹാൻ, സുലൈബിയ, അൽ റായ്, ഷുവൈഖ് ഇൻഡസ്ട്രിയൽ എരിയ തുടങ്ങിയ മേഖലകളിൽ ചിലയിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഉയർന്ന ഉപഭോഗവും വൈദ്യുതി ഉൽപാദന യൂനിറ്റുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു.
വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരും. മൂന്ന് മണിക്കൂറിൽ കൂടാത്ത രീതിയിലായിരിക്കും നിയന്ത്രണമെന്നും മന്ത്രാലയം വ്യക്തമാക്കി. വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയങ്ങളിൽ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്നും അഭ്യർഥിച്ചു.
ബുധനാഴ്ച 53 പ്രദേശങ്ങളിൽ രണ്ട് മണിക്കൂർ വൈദ്യുതി മുടക്കം ഏർപ്പെടുത്തിയിരുന്നു. 45 പാർപ്പിട മേഖലകൾ, അഞ്ച് വ്യവസായിക മേഖലകൾ, മൂന്ന് കാർഷിക മേഖലകൾ എന്നിവിടങ്ങളിലായിരുന്നു നിയന്ത്രണം.
ലിഫ്റ്റുകൾ ഉപയോഗിക്കരുത് വൈദ്യുതി മുടക്ക സമയത്ത് സുരക്ഷിതരായിരിക്കണം
കുവൈത്ത് സിറ്റി: വൈദ്യുതി മുടക്കമുള്ള സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈത്ത് ഫയർഫോഴ്സ് അഭ്യർഥിച്ചു.
രാജ്യത്ത് വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം ഷെഡ്യൂൾ ചെയ്തതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ലിഫ്റ്റ് നിലക്കുകയോ വൈദ്യുതി തടസ്സപ്പെടുകയോ ചെയ്താൽ ശാന്തരായിരിക്കണം. സഹായത്തിനായി വിളിക്കാൻ അലാം ബട്ടൺ അമർത്താം. ലിഫ്റ്റിന്റെ വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിക്കരുത്. ഇത് ജീവൻ അപകടത്തിലാക്കും. സമ്മർദം ഒഴിവാക്കി സഹായത്തിനായി കാത്തിരിക്കണം. പ്രവർത്തനം നിലച്ചാൽ ലിഫ്റ്റിന്റെ തറയിൽ ക്ഷമയോടെ കാത്തിരിക്കണം.
ആവശ്യമുള്ളപ്പോൾ അടിയന്തര നമ്പറായ 112 ൽ വിളിക്കാമെന്നും ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

