പൊതുമേഖലയിൽ വിദേശികളുടെ നിയമനം നിർത്തണമെന്ന് എം.പിമാർ
text_fieldsകുവൈത്ത് സിറ്റി: ജനസംഖ്യാഅസന്തുലിതത്വം പരിഹരിക്കുന്നതിനുള്ള ഉന്നതസമിതിനിർദേശങ്ങളെ അനുകൂലിച്ച് നിരവധി എം.പിമാർ രംഗത്ത്. പൊതുമേഖലസ്ഥാപനങ്ങളിൽ വിദേശി നിയമനം പൂർണമായി നിർത്തണമെന്നും ഇഖാമ നിയമലംഘകർക്കുള്ള പിഴ വർധിപ്പിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും വിദേശികൾ വർധിക്കുന്നതിെൻറ കാരണം പഠിക്കണമെന്ന് എം.പി നാസർ അൽ ദൂസരി പറഞ്ഞു. സ്വകാര്യ മേഖലയിൽ അവിദഗ്ധതൊഴിലാളികളെയും സർക്കാർ വകുപ്പുകളിൽ എല്ലാ വിദേശികളെയും നിയമിക്കുന്നത് നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനസംഖ്യാക്രമീകരണത്തിന് പ്രധാനതടസ്സം വിസക്കച്ചവടക്കാരെ കയറൂരി വിട്ടതാണെന്ന് എം.പി. ഖലീൽ അൽ സാലിഹ് അഭിപ്രായപ്പെട്ടു.
നിയമലംഘകരായ വിദേശികൾക്കുള്ള പ്രതിദിനപിഴ വർധിപ്പിക്കുക, സർക്കാർമേഖലയിൽ വിദേശികളെ നിയമിക്കുന്നത് പൂർണമായി നിർത്തുക തുടങ്ങിയ നടപടികളിലൂടെ വിദേശികളുടെ എണ്ണം കുറക്കാൻ സാധിക്കും. നിലവിൽ 94,000 വിദേശികളാണ് സർക്കാർമേഖലയിലുള്ളത്. ഇവരിൽ 555 പേർ നിയമോപദേഷ്ടാക്കളായി ജോലിയിൽ തുടരുകയാണ്. സർക്കാർ മേഖലയിലെ വിദേശികൾക്ക് ശമ്പളമായി മാത്രം 544 ദശലക്ഷം ദീനാറാണ് പൊതുഖജനാവിൽനിന്ന് പ്രതിവർഷം ചെലവഴിക്കുന്നതെന്നും ഖലീൽ സാലിഹ് കൂട്ടിച്ചേർത്തു. വിസക്കച്ചവടക്കാരെയും വ്യാജ കമ്പനികളെയും നിയന്ത്രിക്കാനായാൽ മാത്രമേ ജനസംഖ്യാക്രമീകരണം നടപ്പാക്കാൻ സാധിക്കൂവെന്ന് എം.പി മാജിദ് അൽ മുതൈരി അഭിപ്രായപ്പെട്ടു. വിസക്കച്ചവടക്കാരെ സൃഷ്ടിക്കുന്ന നിലവിലെ സ്പോൺസർഷിപ് വ്യവസ്ഥ റദ്ദാക്കി പകരം ചില രാജ്യങ്ങളിലേതുപോലെ നേരിട്ട് തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെന്നും എം.പി ആദിൽ ദംഹി പറഞ്ഞു. വിദേശികളുടെ ആധിക്യമുണ്ടാക്കിയ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ താൽക്കാലിക പാർലമെൻറ് സമിതിക്ക് രൂപം നൽകണമെന്ന് മുബാറക് അൽ ഹരീസ് എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.