എംബസി ഇടപെടൽ: 70 ഇന്ത്യൻ നഴ്സുമാർക്ക് കുവൈത്തിൽ ജോലി ലഭിക്കും
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് 70 ഇന്ത്യൻ നഴ്സുമാർക്ക് ജോലി ലഭിക്കാൻ വഴിയൊരുങ്ങി. കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതർ ഇന്ത്യയിൽനിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുകയും കുവൈത്തിൽ എത്തിയ ശേഷം ജോലി ലഭിക്കാതിരിക്കുകയോ ജോലി ലഭിച്ചിട്ടും ശമ്പളം ലഭിക്കാതിരിക്കുകയോ ചെയ്തവരിൽനിന്നാണ് 70 പേർക്ക് ഇപ്പോൾ നിയമനം നൽകാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്.
2015ൽ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 80 നഴ്സുമാരുടെ പട്ടിക ഇന്ത്യൻ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയിരുന്നു. ആരോഗ്യമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് പട്ടിക കൈമാറിയത്. ഇന്ത്യൻ അംബാസഡർ കെ. ജീവ സാഗർ കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് എംബസി പട്ടിക തയാറാക്കിയത്.
2015ലെ വിവാദമായ ഇന്ത്യയിൽനിന്നുള്ള നഴ്സ് റിക്രൂട്ട്മെൻറ് വഴി കുവൈത്തിൽ എത്തിയവരാണ് ജോലി ലഭിക്കാതെയോ ജോലി ലഭിച്ചിട്ടും ശമ്പളം കിട്ടാതെയോ പ്രതിസന്ധിയിലായത്. നഴ്സുമാർ പരാതിയുമായി എംബസിയെ സമീപിച്ചതിനെ തുടർന്ന് അംബാസഡർ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
