ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതി എംബസി ഭാരത് മേള
text_fieldsകുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘ഭാരത് മേള’ അംബാസഡർ ആദർശ് സ്വൈക
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ പൈതൃകവും വൈവിധ്യവും വിളിച്ചോതി കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘ഭാരത് മേള’. ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ സാൽമിയ ബൊളീവാഡ് പാർക്കിൽ (ക്രിക്കറ്റ് സ്റ്റേഡിയം) നടത്തിയ പരിപാടിയിൽ 700ലേറെ കലാകാരന്മാർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പൈതൃക കലാരൂപങ്ങൾ അവതരിപ്പിച്ചു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം.എസ്.കെ പ്രസാദ്, വെങ്കടപതി രാജു എന്നിവരാണ് സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തത്. പതിനായിരത്തോളം പേർ സന്ദർശിച്ചിട്ടുണ്ടാകുമെന്നാണ് ഏകദേശ വിലയിരുത്തൽ. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന നൃത്തം, സംഗീതം, പാചകം എന്നിവ മേളയുടെ ആകർഷണമായി. വിദേശത്തെ സുഹൃത്തുക്കൾക്ക് ഇന്ത്യയുടെ വൈവിധ്യവും സൗന്ദര്യവും അനുഭവിപ്പിക്കാൻ ഇത്തരം മേളയിലൂടെ കഴിയുമെന്ന് അംബാസഡർ ആദർശ് സ്വൈക ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. സമൂഹ കേന്ദ്രീകൃത പരിപാടികൾ സംഘടിപ്പിക്കുന്ന എംബസിയുടെ പ്രവർത്തങ്ങളിൽ പ്രധാന ഭാഗമാണെന്നും ഇനിയും ഇത്തരത്തിലുള്ള മേളകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തികളും മറ്റു രാജ്യക്കാരും ഉൾപ്പെടെ നിരവധിയാളുകൾ മേള സന്ദർശിച്ചു. വിദേശത്തെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരായ അഭ്യുദയകാംക്ഷികളുമായി സാംസ്കാരിക വിനിമയം ശക്തമാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണ് ‘ഭാരത് മേള’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

