ഇന്ത്യൻ കലാരൂപങ്ങളുടെ സംഗമഭൂമിയായി എംബസി
text_fields‘നമസ്തേ കുവൈത്ത്’ പരിപാടിയിൽനിന്ന്
കുവൈത്ത് സിറ്റി: വൈവിധ്യമാർന്ന ഇന്ത്യൻ കലാരൂപങ്ങളുടെ സംഗമഭൂമിയായി വെള്ളിയാഴ്ച ഇന്ത്യൻ എംബസി. വിവിധ കലാരൂപങ്ങൾ തുടർച്ചയായി വേദി നിറഞ്ഞപ്പോൾ കാഴ്ചക്കാരിലും ഇന്ത്യൻ ഉത്സവ ഇടങ്ങളിലൂടെ സഞ്ചരിച്ച പ്രതീതിയായി.
ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി (ഐ.സി.എസ്.ജി) സഹകരിച്ച് സംഘടിപ്പിച്ച 'നമസ്തേ കുവൈത്ത്' പരിപാടിയാണ് ആസ്വാദകരുടെ മനം കവർന്നത്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ എംബസി ഓഡിറ്റോറിയത്തിൽ നടന്ന കലാപ്രകടനങ്ങൾ കാണാൻ നിരവധി പേരാണ് എത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
'75 കലാരൂപങ്ങൾ- 750 മിനിറ്റ്- 750ലധികം കലാകാരന്മാർ' എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ ഇടവേളയില്ലാതെ കലാപ്രകടനങ്ങൾ അരങ്ങിലെത്തി. സമ്പന്നമായ ഇന്ത്യൻ പൈതൃകത്തെ പരിചയപ്പെടുത്തുന്നതും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന കലാരൂപങ്ങളും വേദി നിറഞ്ഞു.
സംഗീത പരിപാടികൾ, ഒഡീസി നൃത്തം, കര്‍ണാട്ടിക് മ്യൂസിക്, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലാപരിപാടികള്‍ ആകർഷകമായി. 'നമസ്തേ കുവൈത്ത്' അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
കുവൈത്ത് അമീറിനും കിരീടാവകാശിക്കും നന്ദി പറഞ്ഞ സിബി ജോർജ്, സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊർജസ്വലവും ചലനാത്മകവുമായ പങ്കാളിത്തത്തിന്റെ ആഘോഷം കൂടിയാണ് ഇതെന്ന് ഉണർത്തി.
പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ നൂറ്റാണ്ടുകളായുള്ള ബന്ധം തുടരുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മഹത്തായ കലാപാരമ്പര്യത്തെ എടുത്തുപറഞ്ഞ അംബാസഡർ, കുട്ടികളുൾപ്പെടെയുള്ള കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ കലാപ്രകടനങ്ങളിൽ സന്തോഷം അറിയിച്ചു. 'നമസ്തേ കുവൈത്ത്' പരിപാടിയിൽ കൈകോർത്ത സംഘടനകൾക്കും ആളുകൾക്കും, നൃത്തവിദ്യാലയങ്ങൾക്കും കലാകാരന്മാർക്കും അദ്ദേഹം നന്ദി അറിയിച്ചു. നേരിട്ടും ഓൺലൈനായും നിരവധി പേരാണ് പരിപാടി വീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

