ഖറാഫി നാഷനൽ കമ്പനി ക്യാമ്പിൽ വൈദ്യുതി പുനഃസ്ഥാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഖറാഫി നാഷനൽ കമ്പനിയുടെ ക്യാമ്പിൽ ഞായറാഴ്ച മുതൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. എങ്കിലും തൊഴിലാളികളുടെ ദുരിതത്തിന് അറുതിയായില്ല. വാടക നൽകാത്തതിെൻറ പേരിൽ കെട്ടിട ഉടമ നേരത്തേ വെള്ളവും വൈദ്യുതിയും നിഷേധിച്ചിരുന്നു.
കഴിഞ്ഞ പത്തുനാളുകളായി മംഗഫ് ബ്ലോക്ക് നാലിലെ നാല് ക്യാമ്പുകളിലുള്ള തൊഴിലാളികളുടെ ജീവിതം ദയനീയമാണ്. കമ്പനിയുടെതന്നെ മറ്റൊരു ക്യാമ്പിെൻറ വരാന്തയിലും ഇടനാഴികളിലൂടെ കഴിയുകയായിരുന്നു നൂറുകണക്കിന് പേർ. ചില സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം കൊണ്ടാണ് തൊഴിലാളികൾ ജീവൻ നിലനിർത്തുന്നത്. മാസങ്ങളായി ശമ്പളം ലഭിക്കാത്ത തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ കൂടി നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. കെട്ടിടത്തിെൻറ കോണിപ്പടിയിൽ പോലും തൊഴിലാളികൾ കിടന്നുറങ്ങുന്നു.
വെള്ളമില്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്ക് കൂടി ബുദ്ധിമുട്ടി. പലരും പുറത്ത് സുഹൃത്തുക്കളുടെ അടുത്തേക്ക് മാറി. ഇതിന് കഴിയാതിരുന്നവരാണ് ദുരിതത്തിലായത്. ഖറാഫി കമ്പനിയിലെ തൊഴിൽ പ്രശ്നത്തിന് വർഷത്തിലേറെ പഴക്കമുണ്ട്. എംബസിക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും പ്രശ്നത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും ക്രിയാത്മകമായ ഇടപെടൽ നടക്കുന്നില്ല. മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊഴിലാളികൾ കഴിഞ്ഞ മാസവും ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു. മാർച്ച് മാസത്തിൽ എംബസിയിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ ശമ്പളകുടിശ്ശിക എത്രയും പെെട്ടന്ന് നൽകാമെന്ന കമ്പനിയധികൃതരുടെ ഉറപ്പിന്മേലായിരുന്നു തൊഴിലാളികൾ പണിമുടക്ക് പോലുള്ള നടപടികളിൽനിന്ന് വിട്ടുനിന്നത്. തുടർന്ന് എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ സുഭാഷിഷ് ഗോൾഡർ ശുെഎബയിലെ തൊഴിൽ ക്യാമ്പ് സന്ദർശിച്ചു.
തൊഴിലാളികളുടെ മുടങ്ങിയ ശമ്പളം എത്രയും പെട്ടെന്ന് നൽകുമെന്നും നേരത്തെ ജോലി രാജിവെച്ച് പോയവരുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും സംബന്ധിച്ച പൂർണ വിവരങ്ങൾ ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്നുമുള്ള ഉറപ്പ് കമ്പനി അധികൃതർ ഇതുവരെ പാലിച്ചിട്ടില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിങ് കുവൈത്ത് സന്ദർശിച്ച വേളയിൽ സാമൂഹികപ്രവർത്തകർ നയതന്ത്ര ഇടപെടലിലൂടെ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തണമെന്ന് അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
