ബലിപെരുന്നാൾ: രാജ്യത്ത് അഞ്ചുദിവസം പൊതു അവധി
text_fieldsആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: രാജ്യത്ത് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ അഞ്ച്, തുടർന്നുള്ള ആറ്,ഏഴ്,എട്ട് തീയതികളിലാണ് പൊതു അവധി. ഒമ്പതിന് വിശ്രമ ദിനമായും ജോലി നിർത്തിവെക്കും. ജൂൺ 10 ചൊവ്വാഴ്ച മുതൽ ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും.
ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. യോഗത്തിൽ ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് അധ്യക്ഷതവഹിച്ചു.
കുവൈത്ത് സർവകലാശാലയിൽ ബുധനാഴ്ച നടക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദങ്ങളിലെ മികച്ച ബിരുദധാരികളെ ആദരിക്കുന്ന ചടങ്ങിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അസ്സബാഹിന്റെ സാന്നിധ്യമുണ്ടാകുമെന്ന് മന്ത്രിസഭ അറിയിച്ചു.
ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ.സുബൈഹ് അൽ മുഖൈസീം, കമ്മ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രി ഉമർ അൽ ഉമർ, മുനിസിപ്പൽ കാര്യ-ഭവന കാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മിശാരി എന്നിവരുടെ മേൽനോട്ടത്തിലും ഫീൽഡ് ഫോളോ അപ്പിലും വെള്ളിയാഴ്ച നടന്ന വിപുലമായ സുരക്ഷ കാമ്പയിനെ മന്ത്രിമാരുടെ കൗൺസിൽ പ്രശംസിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും വൈദ്യുതി സംരക്ഷിക്കുന്നതിനുമുള്ള പ്രചാരണത്തിന്റെ ഭാഗമായി ക്രിപ്റ്റോകറൻസി ഖനനത്തിനായി ഉപയോഗിക്കുന്ന വീടുകളെ ലക്ഷ്യം വച്ചു നടന്ന പരിശോധനയുടെ ഫലങ്ങളും വിലയിരുത്തി.
ചില വ്യക്തികളുടെ പൗരത്വം നഷ്ടപ്പെട്ടതും പിൻവലിച്ചതുമായ കേസുകൾ ഉൾപ്പെടുന്ന സുപ്രീം കമ്മിറ്റി ഫോർ സിറ്റിസൻഷിപ് ഇൻവെസ്റ്റിഗേഷന്റെ മിനിറ്റ്സും യോഗത്തിൽ മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

