ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലി കുവൈത്തിൽ
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയും കൂടിക്കാഴ്ചയിൽ
കുവൈത്ത്സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയും സംഘവും കുവൈത്തിലെത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അബ്ദുല്ല അൽ മൗഷർജി, വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ, പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് ദാഖിൽ അൽ ദാഖിൽ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംഘത്തെ സ്വീകരിച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി ഈജിപ്ഷ്യൻ പ്രധാനമന്ത്രി ബയാൻ പാലസിൽ കൂടിക്കാഴ്ച നടത്തി. മാർച്ച് നാലിന് കൈറോയിൽ നടക്കുന്ന അടിയന്തര അറബ് ഉച്ചകോടിയിലേക്ക് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സീസിയുടെ ക്ഷണം ഈജിപ്ഷ്യൻ പ്രധാനമന്ത്രി അമീറിന് കൈമാറി. ഈജിപ്ഷ്യൻ പ്രസിഡന്റിന് അമീർ തന്റെ ആശംസകൾ നേർന്നു. ഈജിപ്ഷ്യൻ ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. പൊതുതാൽപര്യമുള്ള വിഷയങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഇരുവരും ചർച്ചചെയ്തു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായും ഡോ. മുസ്തഫ മദ്ബൗലി കൂടിക്കാഴ്ച നടത്തി. സൗഹൃദ ചർച്ചകൾ വർധിപ്പിക്കൽ, ഇരുരാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യൽ, പൊതുവായ ആശങ്കകളുള്ള മറ്റു പ്രശ്നങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിലയിരുത്തി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹുമായും ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയും സംഘവും പ്രത്യേക കൂടിക്കാഴ്ച നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.