അബ്ദുൽഫത്താഹ് അൽ സിസിയുടെ സന്ദർശനം; ഉഭയകക്ഷി ബന്ധവും മേഖലാ പ്രതിസന്ധിയും ചർച്ചയായി
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സിസിക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തും ഈജിപ്തും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിച്ചും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ചർച്ചചെയ്തും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സിസിയുടെ കുവൈത്ത് സന്ദർശനം.
ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ അബ്ദുൽഫത്താഹ് അൽ സിസി, അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് എന്നിവരുമായി അബ്ദുൽഫത്താഹ് അൽ സിസി കൂടിക്കാഴ്ച നടത്തി.
കുവൈത്തും ഈജിപ്തും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ, വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ചാണ് ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് പ്രസ്താവനയിൽ പറഞ്ഞു. പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങൾ, അറബ് സഹകരണവും ഐക്യവും, ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവ ഇരുവിഭാഗവും വിലയിരുത്തി.
ഗസ്സയിലെ ഗുരുതരമായ സാഹചര്യം, ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരാനും മാനുഷിക സഹായം എത്തിക്കാനുമുഉള്ള ശ്രമങ്ങൾ എന്നിവയും ചർച്ച നടത്തിയതായും അമീരി ദിവാൻ കാര്യ മന്ത്രി വ്യക്തമാക്കി. സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്ന ഫലസ്തീൻ സ്വപ്നത്തെ പിന്തുണക്കൽ ഗസ്സ പുനർനിർമ്മാണ ശ്രമങ്ങൾ എന്നിവയും ചർച്ചയിൽ മുന്നോട്ടുവെച്ചു.

