പ്രസിഡൻറ് തെരഞ്ഞെടുപ്പ് : കുവൈത്തിലെ ഇൗജിപ്ഷ്യൻ സമൂഹം വോട്ട്ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇൗജിപ്ഷ്യൻ സമൂഹം ഇൗജിപ്ത് എംബസി വഴി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ മുതൽ എംബസിയിൽ വൻതിരക്ക് അനുഭവപ്പെട്ടു. നിലവിലെ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയും മൂസ മുസ്തഫ മൂസയുമാണ് പ്രധാന സ്ഥാനാർഥികൾ. വെള്ളിയാഴ്ച മുതൽ മൂന്നുദിവസമാണ് എംബസിയിൽ വോട്ടുചെയ്യാൻ സൗകര്യമുള്ളത്.
ശക്തമായ സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ കാമറകളും എംബസി പരിസരത്ത് സജ്ജീകരിച്ചിരുന്നു. രാവിലെ ഒമ്പതിന് ഇൗജിപ്ത് അംബാസഡർ താരിഖ് അൽ ഖൂനി ആദ്യ വോട്ട് രേഖപ്പെടുത്തി. വോട്ടിങ് കേന്ദ്രത്തിൽ പശ്ചാത്തലമായി ദേശീയ ഗാനം കേൾപ്പിക്കുന്നുണ്ടായിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലെ ഇൗജിപ്ഷ്യൻ എംബസികളിൽ പൗരന്മാർക്ക് വെള്ളിയാഴ്ച വോട്ടുചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. പോളിങ് തീയതി ഒാർമപ്പെടുത്താനും മറ്റുവിവരങ്ങൾ നൽകാനും കുവൈത്തിലെ എംബസി സൈൻ ടെലികമ്യൂണിക്കേഷൻസ് കമ്പനിയുമായി ധാരണയിലെത്തിയിരുന്നു. കുറച്ചുദിവസങ്ങളായി പൗരന്മാർക്ക് ഫോണിലൂടെ സന്ദേശം ലഭിച്ചുവന്നു. താമസകേന്ദ്രങ്ങളിൽനിന്ന് എംബസിയിലെത്താൻ ബസുകളും ഏർപ്പാടാക്കിയിരുന്നു.
മൊത്തം 9.4 ദശലക്ഷം ഇൗജിപ്തുകാർ വിദേശരാജ്യങ്ങളിൽ കഴിയുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിെൻറ കണക്ക്. 6,30,000 പേരുമായി കുവൈത്തിലെ രണ്ടാമത്തെ വലിയ വിദേശി സമൂഹമാണ് ഇൗജിപ്തുകാർ. 124 രാജ്യങ്ങളിലായി 139 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇൗജിപ്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്നത് മാർച്ച് 26, 27, 28 തീയതികളിലാണ്. വിദേശത്തുള്ളവരുടെ എംബസി വഴിയുള്ള വോട്ടിങ് മാർച്ച് 16 മുതൽ മൂന്നുദിവസത്തേക്ക് ക്രമീകരിക്കുകയായിരുന്നു. മാർച്ച് 29നാണ് ആദ്യ റൗണ്ട് ഫലപ്രഖ്യാപനം. അപ്പീലുകളും പരാതികളും പരിഗണിച്ച ശേഷം ഏപ്രിൽ രണ്ടിന് അന്തിമഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
