ചർച്ചകൾ, സമാധാനശ്രമം
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണവും കടന്നുകയറ്റവും അവസാനിപ്പിക്കാൻ വിവിധ രാജ്യങ്ങൾക്കിടയിലുള്ള ശ്രമങ്ങൾ തുടരുന്നു.
ഫലസ്തീൻ ജനങ്ങൾക്കും അവരുടെ ചെറുത്തുനിൽപിനും പൂർണ പിന്തുണ പ്രഖ്യാപിച്ച കുവൈത്ത് ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങളും സമാധാനശ്രമങ്ങളും നടത്തിവരുകയാണ്. ലോക വേദികളിൽ കുവൈത്ത് ഈ വിഷയം ഉന്നയിക്കുന്നുണ്ട്.
ജി.സി.സിയിലെയും മേഖലയിലെ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളുമായും സംഭാഷണങ്ങളും ചർച്ചകളും നടത്തിവരുന്നു.
ഈജിപ്ത് മന്ത്രിയുമായി ചർച്ചചെയ്തു
ഫലസ്തീൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഈജിപ്ത് വിദേശകാര്യമന്ത്രി സമേഹ് ശുക്രിയുമായി ഫോൺ സംഭാഷണം നടത്തി. ശൈഖ് സലീമിനെ ഫോണിൽ വിളിച്ച ഈജിപ്ത് വിദേശകാര്യമന്ത്രി അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സയിലെയും സംഭവവികാസങ്ങൾ ചർച്ചചെയ്തു. ഇസ്രായേൽ ആക്രമണത്തിന്റെ വർധന തടയുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ഗസ്സയിലേക്ക് മാനുഷികവും ദുരിതാശ്വാസവുമായ സഹായം എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും ചർച്ചചെയ്തു.
അടിയന്തര പാർലമെന്റ് സമ്മേളനത്തിന് ആവശ്യം
കുവൈത്തിന്റെ ദേശീയ അസംബ്ലിയുടെ പിന്തുണയും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായി പ്രത്യേക സമ്മേളനം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 47 എം.പിമാർ പ്രമേയം സമർപ്പിച്ചു. ഫലസ്തീനികൾക്കെതിരായ സയണിസ്റ്റ് ആക്രമണത്തെ ശക്തമായി നിരസിച്ച കുവൈത്ത് ജനതയുടെ ഇച്ഛയെ പ്രതിനിധാനം ചെയ്യുന്നതിനാലാണ് പ്രത്യേക സമ്മേളനത്തിന് ആഹ്വാനംചെയ്യുന്നതെന്ന് എം.പിമാർ പ്രമേയത്തിൽ പറഞ്ഞു.
ഫലസ്തീനിലെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി അടിയന്തര പാർലമെന്റ് സമ്മേളനങ്ങൾ നടത്താൻ എം.പി മർസൂഖ് അൽ ഗാനേമും അഭ്യർഥിച്ചു. ഇസ്രായേൽ ലംഘനങ്ങളെക്കുറിച്ച് എം.പിമാർക്ക് ചർച്ച നടത്താൻ ഇതുവഴി കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനോട് അവധി വെട്ടിച്ചുരുക്കാനും ഗാനേം അഭ്യർഥിച്ചു.
കൈറോ ഉച്ചകോടിയിലേക്ക് ക്ഷണം
ഈ മാസം 21ന് കൈറോയിൽ നടക്കുന്ന ഫലസ്തീൻ വിഷയത്തിലെ സംഭവവികാസങ്ങൾ ചർച്ചചെയ്യുന്നതിനുള്ള ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്തിന് ക്ഷണം.
ഉച്ചകോടിയിലേക്ക് കുവൈത്തിനെ ക്ഷണിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ അഭിസംബോധന ചെയ്യുന്ന കത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഏറ്റുവാങ്ങി. കുവൈത്തിലെ ഈജിപ്ത് അംബാസഡർ വിദേശകാര്യ മന്ത്രാലയത്തിലെത്തി കത്ത് കൈമാറി.
യു.എസിലെ കുവൈത്തികൾക്ക് ജാഗ്രതാനിർദേശം
കുവൈത്ത് സിറ്റി: യു.എസിലുള്ള കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ വാഷിങ്ടണിലെ കുവൈത്ത് എംബസി നിർദേശം. പ്രകടനങ്ങളിൽനിന്നും ഒത്തുചേരലുകളിൽനിന്നും പൗരന്മാർ വിട്ടുനിൽക്കണം. വാഷിങ്ടണിലെ കുവൈത്ത് എംബസിയുമായും കോൺസുലേറ്റുകളുമായും നിരന്തര ബന്ധം പുലർത്താനും അഭ്യർഥിച്ചു.
ഫലസ്തീനിയന് ബാലനെ യു.എസ് പൗരന് കുത്തിക്കൊലപ്പെടുത്തിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് നിർദേശമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

