ലോകസമാധാനത്തിന് ഫലപ്രദമായ നയങ്ങൾ അനിവാര്യം -വിദേശകാര്യ മന്ത്രി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ചർച്ച പാനലിൽ
കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള തർക്കങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനും സമാധാനം വർധിപ്പിക്കുന്നതിനും അക്രമം അവസാനിപ്പിക്കുന്നതിനും രാജ്യങ്ങൾ സംഭാഷണങ്ങളും ഫലപ്രദമായ നയങ്ങളും തേടണമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് പറഞ്ഞു. 59ാമത് മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ (എം.എസ്.സി-2023) ചർച്ച പാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനികൾക്കെതിരെയും ജറൂസലമിലെ അവരുടെ പുണ്യസ്ഥലങ്ങൾക്കെതിരെയും ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതായി സൂചിപ്പിച്ച ശൈഖ് സലീം, ആശങ്കജനകമായ സംഭവവികാസങ്ങൾക്ക് മിഡിൽ ഈസ്റ്റ് സാക്ഷ്യം വഹിക്കുന്നതായി പറഞ്ഞു. ഫലസ്തീൻ പ്രശ്നങ്ങൾ, യുക്രെയ്നിലെ യുദ്ധം തുടങ്ങിയ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അനുയോജ്യവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തണം. ഇതിന് ആഗോള ഏകോപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഫറൻസിനായി മ്യൂണിക്കിലെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ, നയതന്ത്രജ്ഞർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. വെള്ളിയാഴ്ച ആരംഭിച്ച കോൺഫറൻസ് ഞായറാഴ്ച സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

