സജീവമായി പൊടിക്കാറ്റ്, തുടരും...
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സജീവമായി പൊടിക്കാറ്റ്. ശനിയാഴ്ച രാവിലെ മുതൽ സജീവമായ കാറ്റ് തുറന്ന പ്രദേശങ്ങളിൽ കൂടുതൽ ശക്തമായി. ശനിയാഴ്ച പകൽ അന്തരീക്ഷം പൊടിനിറന്ന നിലയിലായിരുന്നു.
പുറത്തിറങ്ങുന്നവർക്കും കാൽനടക്കാർക്കും പൊടിക്കാറ്റ് പ്രയാസം തീർത്തു. പൊടികാറ്റ് ദൃശ്യപരത കുറച്ചത് വാഹനങ്ങളെയും പ്രയാസത്തിലാക്കി. പകൽ മുഴുവൻ കാറ്റ് മിതമായ രീതിയിൽ തുടർന്നു.
ഞായറാഴ്ച പകലും ശക്തമായ കാറ്റിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് സൂചന. ഞായറാഴ്ച പടിഞ്ഞാറൻ പ്രദേശങ്ങളിൽ മണൽ, പൊടി കൊടുങ്കാറ്റുകൾ രൂപപ്പെടാം. ഇത് തുറന്ന പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറക്കുമെന്നും പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ ഉയർന്ന നിലയിലെത്തും. വൈകുന്നേരം കാറ്റിന്റെ വേഗത കുറയും.
കാലാവസ്ഥ സംഭവവികാസങ്ങൾ പിന്തുടരാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അധികൃതർ ഉണർത്തി. ഈ മാസം അവസാനം വരെ കാറ്റും അസ്ഥിരമായ കാലാവസ്ഥയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണോടെ കാലാവസ്ഥ സ്ഥിരപ്പെടുകയും കനത്ത ചൂടിലേക്ക് രാജ്യം എത്തുകയും ചെയ്യും.
കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഇതുമായിബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയാം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
- ആസ്ത്മയും അലർജിയും ഉള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
- കടൽത്തീരത്ത് പോകുന്നവർ ജാഗ്രത പാലിക്കണം
- ഹൈവേ ഉപയോക്താക്കൾ ദൃശ്യപരത കുറയുന്നത് ശ്രദ്ധിക്കണം
- പ്രയാസകരമായ സമയത്ത് വാഹനം ഓടിക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

