ഇന്ന് കുവൈത്തിൽ ഉഷ്ണക്കാറ്റിന് സാധ്യത; താപനില ഉയരും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കളാഴ്ച മുതൽ ഉഷ്ണക്കാറ്റ് അനുഭവപ്പെടുമെന്നും താപനില ഉയരുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കൻ കാറ്റിന്റെ ശക്തി വർധിക്കുന്നത് തുറസ്സായ പ്രദേശങ്ങളിൽ പൊടിപടലങ്ങൾക്ക് കാരണമാകും. ഇത് കാഴ്ചപരിധി കുറക്കുമെന്നും കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കുവൈത്തിൽ ശക്തമായ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. കാറ്റ് വടക്ക് പടിഞ്ഞാറോട്ട് തിരിയുകയും വേഗതയിൽ നീങ്ങുകയും ചെയ്യും. പൊടിപടലമുണ്ടാകും. കടൽ തിരമാലകൾ ആറടി വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ കാലാവസ്ഥ മെച്ചപ്പെടാൻ തുടങ്ങും.
കാലാവസ്ഥ വിവരങ്ങളും അറിയിപ്പുകളും അറിയാൻ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ്, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ നിരീക്ഷിക്കാനും ദരാർ അൽ അലി ഉണർത്തി. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്ത് കനത്ത കാറ്റുവീശിയിരുന്നു. ഇത് പൊടികാറ്റ് രൂപപ്പെടാൻ ഇടയാക്കി. ചിലയിടത്ത് ചാറ്റൽ മഴയും എത്തി.
ശനി, ഞായർ ദിവസങ്ങളിൽ സുഖകരമായ കാലവസ്ഥ ആയിരുന്നു. രാജ്യം തണുപ്പുകാലത്തിൽനിന്ന് വേനലിലേക്ക് മാറുന്നതിന്റെ ലക്ഷണങ്ങളായാണ് ഇവയെ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

