മയക്കുമരുന്ന് ഉപയോഗം; മൂന്നുമാസത്തിനിടെ 30 പേർ മരിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് 2018ലെ ആദ്യ മൂന്നുമാസങ്ങളിൽ അമിത അളവിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനാൽ 30 പേർ മരിച്ചതായി കുറ്റാന്വേഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ മേജർ അഹ്മദ് യാസീൻ വ്യക്തമാക്കി. ഇക്കാലയളവിൽ 430 മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. 8,304 കുപ്പിമദ്യം, 71 കിലോ ഹഷീഷ്, 16 കിലോ ഹെറോയിൻ, 35 കിലോ മരിജുവാന എന്നിവ മൂന്നുമാസത്തിനിടെ പിടിച്ചെടുത്തു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് 154 വ്യക്തികളെ നാടുകടത്താൻ വിധിച്ചതായും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞവർഷം ആകെ 1,471 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1944 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമിത അളവിൽ മയക്കുമരുന്ന് ഉപയോഗിച്ചതു മൂലമുള്ള മരണം 2012ൽ 86ഉം 2013ൽ 88ഉം 2014, 2015 വർഷങ്ങളിൽ 63ഉം ആണ്. 2016ൽ 33 പേർ ഇൗ കാരണം കൊണ്ട് മരിച്ചപ്പോൾ കഴിഞ്ഞവർഷം ആദ്യ മൂന്നുമാസം കൊണ്ടുതന്നെ 30 പേർ ഇങ്ങനെ മരിച്ചുവെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ബദർ അൽ ഗുദൗരി പറഞ്ഞു. രാജ്യത്ത് 15,000 മുതൽ 20,000 വരെ മയക്കുമരുന്ന് ഉപഭോക്താക്കളുണ്ടെന്നാണ് അധികൃതരുടെ കണക്കുകൾ. മയക്കുമരുന്നിന് അടിപ്പെട്ടവരിൽ കൂടുതലും യുവാക്കളാണ്.
മയക്കുമരുന്ന് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു.
മയക്കുമരുന്ന് സൃഷ്ടിക്കുന്ന സാമൂഹിക, ആരോഗ്യ, മാനസിക, സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മഹ്മൂദ് അൽ ദൂസരി പറഞ്ഞു. ആഭ്യന്തര, വാർത്താവിനിമയ, ആരോഗ്യ, വിദ്യാഭ്യാസ, യുവജന, ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളിലെയും കുവൈത്ത് സർവകലാശാല, കുവൈത്ത് വാർത്താ ഏജൻസി എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
