മയക്കുമരുന്ന്: കുവൈത്തിൽ ശക്തമായ നടപടികളുമായി അധികൃതർ
text_fieldsലഹരിവിരുദ്ധ സമിതി യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിക്കുന്നു
കുവൈത്ത് സിറ്റി: പരിശോധനകൾക്കും നടപടികൾക്കുമൊപ്പം ബോധവത്കരണ കാമ്പയിനും തുടക്കമിട്ട് മയക്കുമരുന്നുനെതിരായ നടപടികൾ രാജ്യത്ത് ശക്തമാക്കുന്നു. മയക്കുമരുന്നിൽനിന്ന് യുവാക്കളെ രക്ഷിക്കാന്‍ ബോധവത്കരണ കാമ്പയിന് തുടക്കം കുറിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ലഹരിവിരുദ്ധ സമിതി പ്രത്യേക യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ലഹരിവിരുദ്ധ സമിതിയുടെ വിവിധ റിപ്പോർട്ടുകൾ ചർച്ചചെയ്തു. സെയ്ഫ് പാലസിൽ ചേർന്ന യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
മയക്കുമരുന്നിന് അടിമപ്പെടുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും ഇതിന്‍റെ ഭാഗമായി നടക്കും. രാജ്യത്തിന്റെ സമ്പത്തായ യുവസമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുന്ന മാരക വിപത്ത് തടയണം. മയക്കുമരുന്നിനെതിരെ ശക്തമായി പോരാടുകയും ലഹരിക്ക് അടിപ്പെട്ടവർക്കുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യും. മയക്കുമരുന്ന് വിപണനം ചെയ്യുന്നവരെ പിടികൂടുന്നതിന് എല്ലാവരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നു യോഗം വിലയിരുത്തി. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ലഹരിക്കടത്ത്, കൈമാറ്റം, കച്ചവടം എന്നിവക്കെതിരെ രാജ്യത്ത് ശക്തമായ നടപടി നടന്നുവരുകയാണ്. കടൽ, വ്യോമ അതിർത്തികളിൽ പരിശോധനകളും നിരീക്ഷണവും ശക്തമാണ്. അടുത്തിടെയായി വൻ തോതിൽ മയക്കുമരുന്നുകളാണ് അധികൃതർ പിടികൂടിയത്.
തികഞ്ഞ ജാഗ്രതയിലാണെന്ന് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുകാർക്കെതിരായ പോരാട്ടത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ് കൺട്രോൾ തികഞ്ഞ ജാഗ്രതയിലാണെന്ന് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ഖബസാർഡ് പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ സംഘടനകളുമായി ഇക്കാര്യത്തിൽ സഹകരണമുണ്ട്.
ലഹരി മാഫിയയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തി. മയക്കുമരുന്ന് വിൽക്കുന്നവരെ ലക്ഷ്യമിട്ട്, വ്യാപനം തടയുക എന്നതാണ് കുവൈത്തിലെ പ്രധാന തന്ത്രമെന്നും അദ്ദേഹം പറഞ്ഞു. ഒരേസമയം സുരക്ഷയും പ്രതിരോധവും എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ്, അറബ് മേഖലയിലും അന്തർദേശീയ തലത്തിലും മയക്കുമരുന്നിനെതിരെ പോരാടുന്ന എല്ലാവരെയും ഇതിൽ കൈകോർക്കാൻ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

