65 ശതമാനം കുറ്റകൃത്യത്തിനു പിന്നിലും മയക്കുമരുന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സംഭവിക്കുന്ന 65 ശതമാനം കുറ്റകൃത്യങ്ങൾക്കും പിന്നിൽ മയക്കുമരുന്ന് ഉപയോഗമാണെന്ന് അധികൃതർ. അന്വേഷണം നടത്തുന്ന 50 കുറ്റകൃത്യത്തിൽ ശരാശരി 35 എണ്ണത്തിലെ പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. രാജ്യത്ത് ജയിലിൽ കഴിയുന്നവരിൽ 60 ശതമാനും പേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരാണെന്നും അന്വേഷണ ഏജൻസി നടത്തിയ പഠനത്തിൽ വ്യക്തമായി.
2010നും 2020നും ഇടയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 19,000 കേസുകളിലായി 25,000ത്തോളം പേരാണ് പ്രതിചേർക്കപ്പെട്ടത്. ഇതിൽ 12,000 പേർ കുവൈത്തികളാണ്. ഇതിൽതന്നെ 93 ശതമാനവും പുരുഷന്മാരുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്ത് അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം മരണമടഞ്ഞത് 327 പേരാണ്. ഇക്കാലയളവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 9,787 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതൽ ആളുകൾ മരിച്ചത് മോർഫിൻ അമിതമായി ഉപയോഗിച്ചതുകാരണമാണ്. ബെൻസോഡയസഫിനാണ് രണ്ടാമത്. കെമിക്കൽ മയക്കുമരുന്ന് മൂന്നാമതും ഷാബു നാലാമതും ഹഷീഷ് അഞ്ചാമതും വരുന്നു. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതുമൂലം മരിച്ചവരിൽ കൂടുതലും 23നും 35നും ഇടയിൽ പ്രായമുള്ളവരാണ്.
പിന്നീട് വരുന്ന പ്രായവിഭാഗം 36നും 50നും ഇടയിൽ വയസ്സുള്ളവരും അതിന് ശേഷം 18നും 22നും ഇടയിലുള്ളവരും ബാക്കിയുള്ളവർ 51നും 60നും ഇടയിൽ പ്രായമുള്ളവരുമാണ്. മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതിന് മുമ്പ് പിടികൂടാൻ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും കസ്റ്റംസും ജാഗ്രതയിലാണ്.
യുവാക്കളെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കിയത്. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗ ശീലം കൂടിവരുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടനുസരിച്ച് രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

