എയർ കാർഗോ വഴി ലഹരിക്കടത്ത്; 47 കിലോ കഞ്ചാവ് പിടിച്ചെടുത്തു
text_fieldsപിടികൂടിയ ലഹരിവസ്തുക്കൾ
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിക്കാനുള്ള നീക്കം തടഞ്ഞു. എയർ കാർഗോ വഴി എത്തിച്ച 47 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയവും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും തമ്മിലുള്ള സഹകരണത്തിലാണ് കള്ളക്കടത്ത് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടു പേരെ പിടികൂടി. ഷിപ്പിങ് കമ്പനി ആസ്ഥാനത്തുനിന്ന് ഒരോളെയും ജഹ്റ ഇൻഡസ്ട്രിയൽ ഏരിയയിൽനിന്ന് മറ്റൊരാളെയുമാണ് പിടികൂടിയത്.
അന്താരാഷ്ട്ര കൊറിയർ കമ്പനി വഴി എത്തിയ ചരക്കിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിശദ പരിശോധനയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
തുടർന്നു നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. വസ്തു സ്വീകരിക്കാൻ ജഹ്റ ഇൻഡസ്ട്രിയൽ ഏരിയയിൽ കാത്തുനിന്നയാൾ അക്രമാസക്തമായി പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി. ഇയാൾക്ക് മയക്കുമരുന്ന് കടത്തിൽ നേരത്തെയും പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കടത്തിന് പിന്നിലുള്ള സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ ശക്തമായി നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് വിപത്തിനെതിരെ പോരാടുന്നതിനും സമൂഹത്തെ ഈ വിഷവസ്തുക്കളിൽനിന്ന് സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്നവരെ പിടികൂടുന്നതിനും ജാഗ്രത പുലർത്തുമെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

