കടൽ വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
text_fieldsപിടികൂടിയ ലഹരി വസ്തുക്കൾ
കുവൈത്ത് സിറ്റി: കടൽ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
ഏകദേശം 40 കിലോഗ്രാം കഞ്ചാവും 2000 ക്യാപ്റ്റഗൺ ഗുളികകളും സംഘം പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ലഹരിക്കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് വ്യാപാരികളെയും കള്ളക്കടത്തുകാരെയും കണ്ടെത്തുന്നതിന് സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്.
സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലഹരികടത്തുകാരെ കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ എമർജൻസി ഫോണിലും (112) ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ ഹോട്ട്ലൈനിലും 1884141 റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

