അപകടകരമായി വാഹനം ഓടിച്ചു; വാഹനവും ഡ്രൈവറും പിടിയിൽ
text_fieldsഅപകടകരമായി ഓടിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച നിലയിൽ
കുവൈത്ത് സിറ്റി: അപകടകരമായി വാഹനം ഓടിക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ പരിക്കേൽപിക്കുകയും ചെയ്ത ഡ്രൈവറെ അറസ്റ്റ് ചെയ്തു.
സബാഹിയയിലാണ് സംഭവം. വാഹനം ഓടിച്ച ഡ്രൈവറെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും വാഹനം അപകടപ്പെടുത്തിയിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് വാഹനം മറ്റൊരിടത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി.
ഇവിടെനിന്ന് വാഹനം പിടിച്ചെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസിനെ മാത്രമല്ല, പൊതുജനങ്ങളെയും മറ്റു വാഹനങ്ങളെയും അപകടത്തിലാക്കുന്നതാണ് ഇത്തരം പ്രവൃത്തികളെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പ്രതിയെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടത്തിനിടെയുണ്ടായ മുറിവുകൾക്ക് ആവശ്യമായ ചികിത്സ നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റോഡ് ഉപയോഗിക്കുന്നവരുടെയും മന്ത്രാലയത്തിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി.

