ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ കർശനമാക്കുന്നു; പരിശീലനവും പരീക്ഷയും പൂർത്തിയാക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കുന്നു. രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ കർശനമാക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് അറിയിച്ചു. നാഷനൽ ഫോറം ഫോർ ട്രാൻസ്പോർട്ട് ആൻഡ് സ്മാർട്ട് സർവിസസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർദിഷ്ട പരിശീലനവും പരീക്ഷയും പൂർത്തിയാക്കിയാൽ മാത്രമേ ഇനി ലൈസൻസ് അനുവദിക്കൂയുള്ളൂ. ഡ്രൈവർമാരുടെ നിലവാരം ഉയർത്താനും റോഡ് സുരക്ഷ ശക്തമാക്കാനുമുള്ള പുതിയ പദ്ധതികളുടെ ഭാഗമായാണ് നടപടി. ഗുരുതര ട്രാഫിക് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്താനും നടപടി സ്വീകരിക്കും.
ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നാല് ഡ്രൈവിങ് അക്കാദമികൾ ആരംഭിക്കും. കുവൈത്തില്‍ താമസിക്കുന്നവർക്ക് 20 മണിക്കൂറും വിദേശത്തുനിന്ന് എത്തുന്നവർക്ക് 40 മണിക്കൂറും പരിശീലനം നിർബന്ധമാക്കും. സബാഹിയ, സൗത്ത് ഖൈത്താൻ, കാപിറ്റൽ ഗവർണറേറ്റ്, ജഹ്റ എന്നിവിടങ്ങളിലാണ് അക്കാദമികൾ പ്രവർത്തനം തുടങ്ങുക.
റോഡ് സുരക്ഷ ഉയർത്താനും അപകടകരമായ ഡ്രൈവിങ് പെരുമാറ്റം കുറക്കാനുമാണ് ഈ നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ കഴിഞ്ഞ വർഷം നിലവിൽവന്നിരുന്നു. പൗരന്മാർക്കും ജി.സി.സി പൗരന്മാർക്കും 15 വർഷത്തേക്കും പ്രവാസികൾക്ക് അഞ്ചു വർഷത്തേക്കും ഇതുവഴി ലൈസൻസുകൾ അനുവദിക്കും. കാലാവധി കഴിയുന്നതോടെ ഇവ പുതുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

