കുവൈത്തിൽ 2000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ രാജ്യത്ത് ഒരു മാസത്തിനിടെ റദ്ദാക്കിയത് 2000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ. വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകൾ അധികൃതർ പരിശോധിച്ചുവരുകയാണ്. ഇതുവരെ 10,000ത്തോളം പ്രവാസികളുടെ ലൈസൻസുകൾ ഇത്തരത്തിൽ റദ്ദാക്കിയതായാണ് സൂചന.
കുവൈത്തിൽ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദീനാർ ശമ്പളവും ബിരുദവുമുള്ള പ്രവാസികൾക്കാണ് രാജ്യത്ത് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ അനുമതി. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്ത് ഈ യോഗ്യതകൾ ഉണ്ടെങ്കിലും പിന്നീട് തൊഴിൽമാറ്റത്തിലൂടെ വേതനം കുറഞ്ഞാലും പലരും ലൈസൻസ് റദ്ദാക്കാറില്ല. നിശ്ചിത യോഗ്യതകൾ ഇല്ലാതെ നിയമാനുസൃതമല്ലാതെ ലൈസന്‍സ് നേടുന്നവരുമുണ്ട്. ഇവയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് കർശന പരിശോധന ആരംഭിച്ചത്.
ഡ്രൈവിങ് ലൈസൻസിന് അര്‍ഹമായ ജോലി തസ്തികയില്‍നിന്ന് ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് ജോലി മാറുകയും ചെയ്ത പ്രവാസികളെയാണ് പരിശോധനയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. രണ്ടു ലക്ഷം ലൈസൻസുകൾ ഇത്തരത്തിൽ പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ എട്ടു ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണ്. ഇതിൽ നിയമവിരുദ്ധമായി ലൈസൻസ് കൈവശം വെക്കുന്നവരെ പരിശോധിച്ചു കണ്ടെത്തി റദ്ദാക്കും.
ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. പരിശോധനകൾ തുടരുമെന്നും നടപടികളിൽ ഇളവ് നൽകില്ലെന്നും ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ജോലിമാറ്റമോ മറ്റോ ആയ കാരണത്താൽ ശമ്പള പരിധിക്കു പുറത്താവുന്നവർ ലൈസൻസ് തിരിച്ചേൽപിക്കണമെന്നാണ് നിയമം.
എന്നാൽ, ചില തസ്തികകളിൽ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസൻസ് അനുവദിക്കും.
ഇത്തരം തസ്തികകളിൽനിന്ന് മാറിയാൽ ഇവരും ലൈസൻസ് തിരിച്ചേൽപിക്കണം. പ്രവാസം അവസാനിപ്പിച്ച് സ്ഥിരമായി തിരിച്ചുപോയവരുടെയും നാട്ടിൽ പോയി ഇഖാമ പുതുക്കാൻ കഴിയാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരുടെയും ലൈസൻസുകൾ ഇത്തരത്തിൽ റദ്ദാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

