ഡ്രൈവിങ് ലൈസൻസ് അർഹത പരിശോധിക്കും
text_fieldsകുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഫൈസൽ അൽ നവാഫ് ഗതാഗത വകുപ്പിന് നിർദേശം നൽകി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത വിദേശികളുടെ ലൈസൻസ് പിൻവലിക്കും. ലൈസൻസ് എടുക്കുമ്പോൾ യോഗ്യത ഉണ്ടായിരുന്നവർക്ക് പിന്നീട് യോഗ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ റദ്ദാക്കും.
രാജ്യത്ത് വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദീനാർ ശമ്പളം, ബിരുദം, കുവൈത്തിൽ രണ്ടു വർഷം താമസം എന്നിവയാണ് ഉപാധി. ജോലി മാറ്റമോ മറ്റോ ആയ കാരണത്താൽ ഈ പരിധിക്ക് പുറത്താവുന്നവർ ലൈസൻസ് തിരിച്ചേൽപിക്കേണ്ടതുണ്ട്.
ചില തസ്തികകളിൽ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസൻസ് അനുവദിക്കും. ഇത്തരം തസ്തികളിൽനിന്ന് മാറിയാൽ ലൈസൻസ് തിരിച്ചേൽപിക്കണം.
മിനിമം ശമ്പള പരിധിയിൽനിന്ന് കുറവ് വരുകയോ അർഹതയുള്ള തൊഴിൽ വിഭാഗത്തിൽനിന്ന് മാറുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഗതാഗത വകുപ്പിന് നിർദേശം നൽകിയത്.

