ഖുർആൻ ആധുനികവും പ്രകാശം പരത്തുന്നതും- ഡോ.ഹുസൈൻ മടവൂർ
text_fieldsഹുദാ സെന്റർ ക്യു.എച്ച്.എൽ.എസ് സംഗമത്തിൽ ഡോ.ഹുസൈൻ മടവൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഖുർആൻ ആധുനികവും എക്കാലവും വെളിച്ചം പകർന്നുകൊണ്ട് മനുഷ്യനന്മക്കുവേണ്ടി ഉയർന്നു നിൽക്കുന്നതുമാണെന്ന് കെ.എൻ.എം ഉപാധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ. ഹുദാ സെന്റർ സംഘടിപ്പിച്ച ക്യു.എച്ച്.എൽ.എസ് സംഗമത്തിൽ ഖുർആനും അധുനികതയും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രാകൃത കാലത്തെ മനുഷ്യർ വെച്ചുപുലർത്തിയ കരുണയും നന്മകളും ആധുനികനെന്നു പറയുന്നവരിൽ നിന്നുണ്ടാകുന്നില്ല. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ക്രൂരകൃത്യങ്ങൾ കാണുമ്പോൾ മനുഷ്യൻ സാംസ്‌കാരികമായി വളർച്ച നേടിയതായി അനുമാനിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഒരേ കാഴ്ചപ്പാടുള്ള വിവിധ മത നിയമങ്ങളുണ്ടായിരിക്കെ മുസ് ലിംകളോടുള്ള സമീപനം നീതിരഹിതവും ഇരട്ടത്താപ്പുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യു.എച്ച്.എൽ.എസ് സംഗമ സദസ്സ്
ഖുർആൻ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ചടങ്ങിൽ ഹുസൈൻ മടവൂർ വിതരണം ചെയ്തു. ഹുദാ സെന്റർ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊടുവള്ളി അധ്യക്ഷതവഹിച്ചു. അർഷദ് സമാൻ സ്വലാഹി, ജൈസൽ എടവണ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. എൻ.എം.അഷ്‌റഫ്, ഷൈലജ മുഹമ്മദ്, നാസർ പട്ടാമ്പി, മുഹമ്മദ് അസ്‌ലം, നൗഷർ ആലപ്പുഴ, സഅദ് ഇബ്രാഹിം എന്നിവർ ഖുർആൻ പഠന അനുഭവങ്ങൾ വിവരിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി സ്വാഗതവും ക്യു.എച്ച്.എൽ.എസ് അസി സെക്രട്ടറി അബിൻസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

