24 ലക്ഷത്തിലേറെ ഡോസ് വാക്സിൻ നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ 24 ലക്ഷത്തിലേറെ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ച വരെ 23,75,455 ഡോസ് വാക്സിനാണ് നൽകിയത്. 14,52,148 പേർ ഒരു ഡോസ് മാത്രം സ്വീകരിച്ച് രണ്ടാമത്തെ അപ്പോയൻമെൻറ് കാത്തിരിക്കുകയാണ്.
9,23,307 പേർ രണ്ട് ഡോസും സ്വീകരിച്ചു. ഒരുദിവസം 45,000ത്തിൽ താഴെ ഡോസുകൾ നൽകിവരുന്നുണ്ട്. സെപ്റ്റംബർ മാസത്തോടെ 30 ലക്ഷം പേർക്ക് കുത്തിവെപ്പ് എടുക്കാനാണ് ലക്ഷ്യമിടുന്നത്.
ഭൂരിഭാഗംപേരും കുത്തിവെപ്പ് എടുക്കുന്നതോടെ സാമൂഹിക പ്രതിരോധശേഷി കൈവരുകയും കോവിഡ് കേസുകൾ കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 31 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ 36 കേന്ദ്രങ്ങളിലൂടെയാണ് വാക്സിൻ നൽകിവരുന്നത്.
മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾവഴി ഇതുവരെ ഒന്നരലക്ഷം പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന തൊഴിൽ വിഭാഗങ്ങൾക്കാണ് ആരോഗ്യജീവനക്കാർ അവരുടെ അടുത്തെത്തി വാക്സിൻ നൽകുന്നത്. 10 മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ വഴിയാണ് ഇത്.

