പരിഭ്രാന്തരാകേണ്ട; ഭക്ഷണവും വെള്ളവും സമൃദ്ധം ദീർഘകാല സ്റ്റോക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് മന്ത്രിസഭ അറിയിച്ചു. ദീർഘകാലത്തേക്ക് ആവശ്യത്തിന് അധിക അളവിൽ ഇവ ലഭ്യമാണ്. പ്രാദേശിക വിപണികളിൽ എല്ലാ സാധനങ്ങളും ആവശ്യത്തിന് ലഭ്യമാണ്. വിതരണ ശൃംഖലകൾ തടസ്സമില്ലാതെ സാധാരണഗതിയിൽ പ്രവർത്തിക്കുന്നതായും അറിയിച്ചു.
എല്ലാ സഹകരണ സംഘങ്ങളിലെയും ആവശ്യത്തിന് സാധനങ്ങളും അവശ്യവസ്തുക്കളും ലഭ്യമാണെന്ന് സാമൂഹിക കാര്യ മന്ത്രാലയവും പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപകമായി സഹകരണ സംഘങ്ങളുടെയും അവയുടെ ശാഖകളുടെയും പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യവസ്തുക്കളുടെയും വെള്ളത്തിന്റെയും സ്റ്റോക്കുകൾ ആവശ്യത്തിനുണ്ട്. സഹകരണ സംഘങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. കരുതൽ ശേഖരം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും സുരക്ഷിതവും സുഖകരവുമായ ഷോപ്പിങ് അന്തരീക്ഷം നിലനിർത്തുന്നതിനുമായി കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള സുരക്ഷ കാമറകൾ വഴി വിപണി പ്രവർത്തനങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ആവശ്യമുള്ളത് മാത്രം വാങ്ങുകയും പരിഭ്രാന്തിയോടെ വാങ്ങുകയോ പൂഴ്ത്തിവെക്കുകയോ ചെയ്യുന്നത് ഒഴിവാക്കിയും തിരക്കേറിയ വിപണികളിൽനിന്ന് വിട്ടുനിന്നും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്നും പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സെൻട്രൽ മാർക്കറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പരിഭ്രാന്തിയും ആശങ്കയും വേണ്ടെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

