രക്തം നൽകാം ജീവൻ രക്ഷിക്കാം; ദേശീയ രക്തദാന കാമ്പയിന് തുടക്കം
text_fieldsസെൻട്രൽ ബ്ലഡ് ബാങ്ക് ആരോഗ്യമന്ത്രി അഹ്മദ് അൽ അവാദി സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് വാർഷിക ദേശീയ രക്തദാന കാമ്പയിനിന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി തുടക്കം കുറിച്ചു.കുവൈത്തിലെ ഇറാഖ് അധിനിവേശ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാമ്പയിൻ രക്തസാക്ഷികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും ദേശീയ ഐക്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
ദേശീയ രക്തദാന കാമ്പയിനിൽ രക്തം നൽകുന്ന സൈനികൻ
ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്ക് ഉൾപ്പെടെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രക്തം ദാനം ചെയ്യാൻ സൗകര്യമുണ്ട്. ഇത് ഉപയോഗപ്പെടുത്താൻ പൗരന്മാരോടും പ്രവാസികളോടും ആരോഗ്യമന്ത്രി അഭ്യർഥിച്ചു. കാമ്പയിൻ ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 100 ലധികം രക്തബാഗുകൾ ശേഖരിച്ചു. പ്രതിരോധ, ആഭ്യന്തര, നാഷണൽ ഗാർഡ് അംഗങ്ങൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, സ്വകാര്യ മേഖല ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവർ കാമ്പയിനിൽ പങ്കാളികളായി.
മൂന്നു ദിവസത്തെ കാമ്പയിനിൽ വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. സ്വമേധയാ രക്തം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമായി ഒരു പതിറ്റാണ്ടായി ഈ കാമ്പയിൻ നടത്തിവരികയാണെന്ന് രക്തപ്പകർച്ച സേവനങ്ങളുടെ ഡയറക്ടർ ഡോ. റീം അൽ റൗദാൻ പറഞ്ഞു. കഴിഞ്ഞ വർഷം ഏകദേശം 95,000 യൂനിറ്റ് രക്തം ഇത്തരത്തിൽ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

